Thursday, August 12, 2010

ഞാനൊന്നു കണ്ടോട്ടെ

തനിയെ,

അച്ഛനുമമ്മയും
അടുത്തില്ലാതെ
കൂടെപ്പിറന്നവരെ കാണാതെ
കൂട്ടുകാരെ കാണാതെ
വിതുമ്പിയ ചുണ്ടുകളും
തുളുമ്പിയ കണ്ണുകളുമായി
ഞാനിരിക്കവേയെന്നെ
ചേര്‍ത്തു പിടിച്ചവളേ

മുലപ്പാല്‍ നനയ്ക്കാത്ത മാറിടത്താല്‍
എന്‍റെ കണ്ണുനീരിനെ ഒപ്പിയെടുത്തവളേ
രാവിലെനിയ്ക്കു കൂട്ടിനായൊരു
ഇലത്തുമ്പില്‍ പച്ചക്കുതിരകളെ തന്നവളേ
ത്രിസന്ധ്യയെ ആവാഹിച്ചെന്‍ നെറ്റിയിലൊരു
സ്നിഗ്ദ്ധ മുഗ്ദ്ധമുദ്ര നല്‍കിയവളേ
കൊടുമ്പനിച്ചൂടിനാല്‍ വിറയാര്‍ന്ന രാവില്‍
നിന്‍ ഇളംചൂടിനെ മരുന്നാക്കിയവളെ

കണ്ണുകളിലേയ്ക്ക് പൂനിലാവും
കരങ്ങളിലേയ്ക്ക് നറുമ്പാലും
രാവുകളിലേയ്ക്ക് സ്വപ്നങ്ങളും
പകലുകളിലേയ്ക്ക് മോഹങ്ങളും
മൊഴികളിലേയ്ക്ക് പൂന്തേനും
തളിരുകള്‍ക്കു നിറങ്ങളും
പകര്‍ന്ന് തന്നവളേ

ഒരു കണ്ണഴുകി മാറി
മൂക്കിന്‍ രൂപം മാറി
മുഖം കോടി വലിഞ്ഞു
മിണ്ടാനാവാതെ
ചിന്തിക്കാനാവാതെ
അറിയാനാവാതെ
കാണാനാവാതെ
കരയാനാവാതെ
തനിയേയാവളെ

ഞാനൊന്നു വന്നു
കണ്ടോട്ടെ.

Monday, August 9, 2010

ദേവനെ കാത്ത്‌

ഏഴാമാകാശത്തിന്‍റെ അകത്തളങ്ങളില്‍
നനവാര്‍ന്നൊരു ചെന്തീ സന്ധ്യയില്‍
മിഴികളില്‍ കണ്ണീര്‍തുളുമ്പിയാ മഴത്തുള്ളി
ഒരു ഹൃദയമിടിപ്പിന്‍റെ ശബ്ദത്തില്‍ പറഞ്ഞു

ഞാന്‍ ഭൂമിയാകാന്‍ കൊതിക്കുന്നു

അവളില്‍
പ്രണയമുണ്ട്
ദുഃഖമുണ്ട്
വിങ്ങലുണ്ട്
ഉദയാസ്തമയങ്ങളും
അവയെ വേര്‍തിരിക്കാന്‍
വിരഹാഗ്നിയിലുരുകും സന്ധ്യയുമുണ്ട്
അവിടെ മനുഷ്യനുണ്ട്
അവനൊരു പെണ്ണുണ്ട്
അവളിലൊരു അമ്മയുണ്ട്

ഒരു ഹുംങ്കാരത്തോടെ
ഏഴാകാശങ്ങളും ഒന്നിച്ചു തുറക്കുകയും
വര്‍ണ്ണോജ്ജ്വലമാകുകയും, സംഗീതം പൊഴിക്കുകയും
നിറങ്ങളുടെ നദിയില്‍ നിന്നും, കോടാനുകോടി
മാലാഖമാരൊന്നിച്ചുയരുകയും ചെയ്തു

അവര്‍ ആ മഴത്തുള്ളിയെ മണ്ണിലെത്തിക്കുകയും
നെഞ്ചോടേറ്റി ഭൂമിയവളേഴാമാകാശത്ത് നിന്ന്
കടംകൊണ്ട ഹുംങ്കാരത്താല്‍ പാലൂട്ടുകയും ചെയ്തു

അവളൊരു കടലായി,യെല്ലാമുള്‍ക്കൊള്ളുന്നവളായി
അമ്മയായിയങ്ങിനെയവളും ഭൂമിയായി,
തന്നിലണയാനെത്തും ദേവനെ കാത്ത് കിടന്നു

Thursday, August 5, 2010

ഞാന്‍ ആണ് എല്ലാം

തന്‍റെ അഗാധതയില്‍ കോടാനുകോടി രഹസ്യങ്ങള്‍ സൂക്ഷിച്ച്
ഒരു തെന്നലിനെ കൊടുങ്കാറ്റാക്കി മാറ്റി
ആ കൊടുങ്കാറ്റിനെ കടിഞ്ഞാണാക്കി
എണ്ണിയാലൊടുങ്ങാത്ത കുതിരകളെപൂട്ടുന്ന തേരിലേറി
വിഹ്വലയായ ഭൂമിയുടേ നേരെ പാഞ്ഞടുക്കുന്ന കടലിനെ നോക്കി
ഒന്നും മിണ്ടാനാവാതെ നില്‍ക്കുന്ന കുഞ്ഞിന്‍റെ
ചെവിയിലാ കടലില്‍ വന്നു ചേരുന്ന
ഒരു മഴത്തുള്ളിയ്ക്ക് മന്ത്രിക്കാം

ഞാന്‍ കടലാണ്

തന്‍റെ മഹാധനുസ്സിന്‍റെ അറ്റങ്ങളില്‍
കിഴക്കിനേയും പടിഞ്ഞാറിനേയും തൊങ്ങലാക്കിയിട്ട്
അനന്തകോടി ആഗ്നേയാസ്ത്രങ്ങളെയ്ത്
വിറയാര്‍ന്ന ഭൂമിതന്‍ തണുപ്പിനെ മാറ്റി
നെഞ്ചോട് ചേര്‍ക്കുന്ന മാവീരന്‍ സൂര്യന്‍റെ
കാരുണ്യമേറ്റു വാങ്ങുന്ന നിലാവിന്,
എല്ലാമറന്നിഴുകി ചേര്‍ന്നൊഴുകും
പ്രണയിതാക്കളോട് മൃദുവായ് മൊഴിയാം

ഞാന്‍ സൂര്യനാണ്.

സുരതാലസ്യത്തില്‍ തന്‍റെ മാറില്‍ മയങ്ങും
ചന്ദനമരത്തിന്‍റെ മുടിയിഴകളില്‍ കയ്യോടിച്ച്
കുളിര്‍തെന്നലിനു പറയാം

ഞാന്‍ ഇവളാണ്.

സൂര്യ ചന്ദ്രന്‍മാരെ
കാറ്റിനെ
കടലിനെ
പകലിനെ
രാവിനെ
പൂവിനെ
ഭംഗിയെ
അതറിയാനുള്ള കഴിവിനെ
ഭൂമിയെ
ആകാശത്തെ
തീയെ
ജലത്തെ
എന്‍റെ ശ്വാസത്തെ
എന്നെ

എനിക്കു നല്‍കിയവനില്‍
അലിഞ്ഞു ചേരുമ്പോള്‍
എനിയ്ക്കും പറയാം,

ഞാന്‍ ആണ് എല്ലാം.

( ജുനൈദ് ഇബിനു മുഹമ്മദ് അബൂ അല്‍ ഖ്വാസിം അല്‍ ഖസ്സാസ് അല്‍ ബഗ്ദാദി എന്ന അറബ് പണ്ഡിതന്‍റെ ശിഷ്യന്‍ അബൂ അല്‍ മുഗീത്ത് ഹുസ്സൈന്‍ മന്‍സൂറുല്‍ ഹല്ലാജ് എന്ന സൂഫിയുടെ കവിതയിലെ ഒരു വരിയെ അടിസ്ഥാനമാക്കി എഴുതിയത് )