Friday, July 30, 2010

മഴയ്ക്കൊരു ചൂടുണ്ട്.

ഞാന്‍ വിചാരിച്ചപോലെയൊന്നുമല്ല ഈ മഴയുടെ കാര്യം.

മഴയ്ക്കൊരു ചൂടുണ്ട്.

മഴക്കാലമായാല്‍ നല്ല രസമാണ്. വീട്ടില്‍ ഞങ്ങള്‍ അരപ്രേസ് എന്ന് വിളിക്കുന്ന ഒരു സ്ഥലമുണ്ട് (അരപ്ലേസ് ആയിരിക്കാമത് ) തൂണുകള്‍ക്കിടയില്‍ തൂണുകളെ ബന്ധിപ്പിച്ച് നാലടിയോളം പൊക്കത്തില്‍ സിമന്‍റ് കെട്ട്. വരാന്ത്യയ്ക്ക് ചുറ്റുമുണ്ടിത്. വീടോളം നീളമുണ്ട് വരാന്തയ്ക്ക്.

ഇതിനു മുകളില്‍ മടിപിടിച്ചിരുന്ന് മഴ കാണാന്‍ നല്ല രസമാണ്. രണ്ട് വിധത്തിലാണ് മഴ താഴെയെത്തുന്നത്. ഒന്ന് പാത്തിയില്‍ കൂടി. ഇതിനു വണ്ണവും ശക്തിയും ഏറും. പിന്നെ ഓടില്‍ കൂടി ഒലിച്ച്. ഇത് കിറു കൃത്യമായ അകലത്തില്‍ ഭംഗിയായി മണ്ണില്‍ വീഴും. ശ്രദ്ധിച്ചാല്‍ അടുക്കളയില്‍ പപ്പടം ചുടുന്ന എണ്ണ തിളയ്ക്കുന്നതുപോലെ മഴ തുള്ളുന്നത് കാണാം. എനിക്കത് വലിയ ഇഷ്ടമാണ്. പക്ഷേ മഴയ്ക്ക് ശക്തി കൂടുമ്പോള്‍ തുള്ളലൊന്നുമുണ്ടാവില്ല.

മഴയൊന്നു "ആറിക്കഴിഞ്ഞാല്‍" ഞാന്‍ പറമ്പിലേയ്ക്കിറങ്ങും. ആദ്യ പരിപാടി വെള്ളം വീണുണ്ടായ കുഴികള്‍ തപ്പുക എന്നുള്ളതാണ്. ഇതില്‍ നല്ല ഭംഗിയുള്ള കല്ലുകള്‍ കിട്ടും.

അന്നത്തെ മഴക്കാലത്തുള്ള പകലിനൊക്കെ സന്ധ്യയുടെ ചാരനിറമാണ്.

മഴക്കാലത്തെ മറ്റൊരു രസം പക്ഷികള്‍ക്കൊന്നും നമ്മളെ ഒരു വിലയുമില്ലെന്നുള്ളതാണ്. അടുത്തു ചെന്നാലും ഒരു മൈന്‍ഡുമില്ല. ഒരു പാട് ശൂ ശൂ എന്നൊക്കെ വെച്ചാല്‍ വേണേ പോയേക്കാമെന്ന മട്ടില്‍ ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേയ്ക്ക്.

അങ്ങിനെ മഴയൊക്കെ രസിച്ചു നടക്കുന്ന കാലത്ത് വിദ്യാഭ്യാസം നേരെ ഒരു ബോര്‍ഡിംഗിലെത്തി

കൊടും മഴയത്താണ് ബോര്‍ഡിംഗിലെത്തുന്നത്. വിശാലമായ പറമ്പ്. എന്നാലും മഴയടുത്ത് കാണാന്‍ വലിയ സൌകര്യമൊന്നുമില്ല. ബോര്‍ഡിംഗ് ഞാന്‍ വിചാരിച്ചതു പോലെയൊന്നുമല്ല. ആദ്യ പ്രശ്നം ഭാഷ തന്നെ. എല്ലാവരും സായിപ്പിന്‍റെ മക്കളാണ്. ഞാനും ഒരു തമ്പാനും പിന്നെ ഒരു തോമസ് പി വി അങ്ങിനെ കുറച്ചു പേരെ നാട്ടുകാരുടെ വകയായുള്ളൂ. എന്നു വെച്ചാല്‍ ബാക്കിയെല്ലാവരും ഇംഗ്ളീഷ് പറഞ്ഞു തുള്ളും. മലയാളത്തില്‍ തുള്ളാനറിയാവുന്നവര്‍ ഞങ്ങള്‍ കുറച്ചു പേര് മാത്രം.

ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും മറ്റും കുറച്ചു പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കെല്ലാര്‍ക്കും കൂടെ ഒരു പേരെ ഉള്ളൂ. ചേച്ചി. ഇവരും നമ്മുടെ നാട്ടിലുണ്ടായതാണ്. മലയാളമേ അറിയൂ.

പിന്നെ ചില കന്യാസ്ത്രീകളും നമ്മുടെ നാട്ടുകാരായി ഉണ്ടായിരുന്നു. നല്ല ഭാഷാ സ്നേഹമുള്ളവര്‍. ഇംഗ്ളീഷ് പോലും അവര്‍ മലയാളത്തില്‍ ആയിരുന്നു പറഞ്ഞിരുന്നത്.

(പേരന്‍റ്സ് മീറ്റ് നടക്കുന്നതിനിടയില്‍ ഒരു കന്യാസ്ത്രീ എന്നോട് "വെയര്‍ ഈസ് വേണു എന്നു ചോദിച്ചു" ഞാന്‍ വേണുവിനെ അവരുടെ അടുത്തു പറഞ്ഞു വിട്ടു. ആദ്യം അവര്‍ ഒന്നമ്പരന്നെങ്കിലും അവര്‍ എന്നെ വഴക്ക് പറഞ്ഞില്ല. മലയാളം മീഡിയത്തില്‍ നിന്നാണോ വന്നതെന്നായി ചോദ്യം . അല്ല എന്ന് കേട്ടപ്പോള്‍ അവര്‍ അടുത്തിരുന്ന കന്യാസ്ത്രീയോട് പറഞ്ഞു

"ശ്ശോ എന്‍റെ മാതാവേ കുട്ടികളെ വഴി തെറ്റിക്കുന്നത് കണ്ടില്ലെ എന്‍റെ ഫ്രാന്‍സീനാമ്മെ, മോനേ ഇതു കണ്ടോ v e n u e മനസ്സിലായോ വേണു എന്നു വെച്ചാല്‍ മീറ്റിംഗ് നടക്കുന്ന സ്ഥലം. തെറ്റ് പറഞ്ഞു പഠിക്കല്ലെ മോനെ"

നമ്മുടെ മഞ്ചിലെ വിഷ്ണു അഖിലയോട് പറഞ്ഞതു പോലെ

"എനിക്കൊരു തേങ്ങയും മനസ്സിലായില്യാ" )



നാട്ടിലെ സ്ക്കൂളില്‍ നിന്നും പഠിച്ച ഒരു കാര്യം അവിടെയെന്നെ ബഹുമാന്യനാക്കി. ഒരു പ്രതിഫലവും വാങ്ങാതെ തന്നെ ഞാന്‍ മലയാളത്തിലെ ഒട്ടു മിക്ക പുളിയും എരിവുമുള്ള വാക്കുകള്‍ പലരേയും പഠിപ്പിച്ചു. ആരേയും എങ്ങിനെ മോനെ മോളെ എന്നൊക്കെ വിളിക്കാമെന്ന് സായിപ്പിന്‍ കുഞ്ഞുങ്ങള്‍ പെട്ടന്ന് പഠിച്ചു.

ചെന്ന ദിവസം ഒരു പ്രശ്നം . നാട്ടില്‍ രാത്രിയായാല്‍ ചെലരെയൊക്കെ ബഹുമാനിക്കുമായിരുന്നു. പ്രായാധിക്യം കൊണ്ടാണേലും മരിച്ചിട്ടും പലരും കണ്ടു എന്നവകാശപ്പെട്ടിരുന്ന ഏലിയാമ്മ, തൂങ്ങിച്ചത്ത നാരായണന്‍, അടുത്തൊരമ്പലത്തില്‍ ഒരു ബോര്‍ഡിലൂടെ മാത്രമെനിക്ക് പരിചയമുള്ള അറുകൊല പാച്ചന്‍ മറിയക്കുട്ടി കൊലക്കേസിലെ സുന്ദരിയായ മറിയക്കുട്ടി ( അടുത്ത വീട്ടിലെ തമസക്കാരിയായിരുന്നേലും സത്യത്തില്‍ അവര്‍ മരിച്ചതിനു ശേഷമാണ് എന്നെ പരിചയപ്പെട്ടത് , അതും രാത്രിയില്‍ വേലിക്കരികില്‍ മുടിയാട്ടി നില്‍ക്കുകയും പകല്‍ അവിടെ ഒരു വാഴയുടെ രൂപത്തില്‍ നില്‍ക്കുകയും ചെയ്യാന്‍ തുടങ്ങിയതിനു ശേഷം മാത്രം - പകല്‍ ഞാന്‍ ആ വാഴയോട്പതുക്കെ പറയും രാത്രി വാഴയായിട്ടു തന്നെ നിന്നോളാന്‍ പ്രേതമല്ലെ കേള്‍ക്കത്തില്ല ), പിന്നെ കുറച്ച് യക്ഷികള്‍ , ഒന്ന് രണ്ട് ഗന്ധര്‍വ്വന്‍മാര്‍ അങ്ങിനെ ചിലരെ. അമ്മൂമ്മയുടെ വീട്ടില്‍ ഇവരെയാരെയും പേടിയില്ല. കാരണം അവിടെയെങ്ങും പ്രേതത്തെ കണ്ടിട്ടില്ലയെന്ന് കൂടെ പഠിച്ചിരുന്ന ശശാങ്കന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ അടുത്തുള്ള ഒരു കുഞ്ഞ് അമ്പലത്തിലൊരു ദേവിയുണ്ട്. അവര്‍ക്ക് ദേഷ്യമുള്ള ദിവസം ചിലരെയൊക്കെ പേടിപ്പിച്ചിട്ടുണ്ട്. പക്ഷേ പേരുപോലുമില്ലാത്ത ആ പാവം ദേവി പുറത്തൊന്നും കറങ്ങി നടക്കാറുമില്ല.

ബോര്‍ഡിംഗിലെ സ്ഥിതി എങ്ങിനെയാണാവോ. നാട്ടിലെ പ്രേതങ്ങള്‍ ഇവിടെ വരാന്‍ സാധ്യതയില്ല. ഇവിടെയുള്ളവരെയൊക്കെ പരിചയമായി വരുന്നതിനുള്ളില്‍ അവര്‍ വല്ല അതിക്രമവും ചെയ്താലൊ. ജനലിന്‍റെ അടുത്തെങ്ങിനെ കിടക്കും.

ഭാഗ്യത്തിന് ബോര്‍ഡിംഗിന്‍റെ ചാര്‍ജ്ജുള്ള ഫ്രാന്‍സീനാമ്മ "എവിടെ കിടക്കാനാണ് ഇഷ്ടം" എന്ന് ചോദിച്ചു. ഞാന്‍ ഉള്ള കാര്യം പറഞ്ഞു

പ്രേതം പെട്ടന്ന് വരാത്ത സ്ഥലം

സിസ്റ്റര്‍ എന്നെ നേരെ കൊണ്ടുപോയി ഒരു തൂണിന്‍റെ മറവിലുള്ള ബെഡ്ഡ് കാണിച്ചു തന്നു. ഒരു ജനലും കാണില്ല. നേരെ മുമ്പില്‍ ഒരു ചെറിയ ഫോട്ടോ. അതിനു മുകളില്‍ ഒരു മഞ്ഞ സീറോ വോള്‍ട്ട് ബള്‍ബ് കത്തുന്നു. രണ്ട് കുട്ടികള്‍ ഒരാണും ഒരു പെണ്ണും പാലം കടക്കുന്നു അവരുടെ പിന്നിലായി ചിറക് വിരിച്ചൊരു മാലാഖ.

"അതാരാണെന്ന് അറിയാമോ"

ഞാന്‍ മിണ്ടിയില്ല

അതാണ് ഗാര്‍ഡിയന്‍ ഏഞ്ചല്‍ എല്ലാ കുട്ടികളേയും ആ ഏഞ്ചല്‍ ആണ് കാത്ത് രക്ഷിക്കുന്നത്

ഞാന്‍ നമ്മുടെ മാലാഖയെ നോക്കി.

"ഈ മാലാഖ വിചാരിച്ചാല്‍ യക്ഷിയെ തോപ്പിക്കാന്‍ പറ്റുവോ"


"പിന്നെന്താ മാലാഖയുടെ മുന്നില്‍ യക്ഷി വരില്ല"

"ഏലി പെമ്പളയേയും നാരായണനേയും മറിയക്കുട്ടിയേയും..."

"അവരൊക്കെ ആരാ "

"മരിച്ചു പോയവരാ"

"എന്നാല്‍ പേടിക്കണ്ടാ മാലാഖ അവരെ ഇവിടെ കേറ്റില്ല"

ഞാന്‍ മാലാഖയെ നോക്കി.

എടാ ഭയങ്കരാ പെണ്ണിന്റെ വേഷമാണേലും ആള് കൊള്ളാമല്ലൊ.

സിസ്റ്റര്‍ ചുവന്ന കവറുള്ള ഒരു ചെറിയ പുസ്തകവും ഒരു മാലയും തലയിണയ്ക്കടിയില്‍ വെച്ചു.

"പേടി വരുകാണേല്‍ ഇതില്‍ തൊട്ടാല്‍ മതി"

എന്തോന്ന് പേടി ഒന്നാമത് മാലാഖ രണ്ടാമത് മാലാഖയെ വെളിച്ചം കാണിച്ച് നമ്മുടെ സീറോ വോള്‍ട്ടും.

രാത്രി എന്തൊരു രസമായിരുന്നു, ഒരു വശത്ത് ഏലി പെമ്പിളയും, മറിയക്കുട്ടിയും നാരായണനും യക്ഷികളുമൊക്കെ ഒരു വന്‍ സംഘം ഇപ്പുറത്ത് നമ്മുടെ മാലാഖയൊറ്റയ്ക്ക്. ഉഗ്രന്‍ യുദ്ധം . ഇടയ്ക്കൊക്കെ അമ്പും വില്ലും വാളുമൊക്കെ എടുത്ത് കൊടുക്കാന്‍ ഞാനും സഹായിച്ചു.

രാത്രി പോയതറിഞ്ഞില്ല

പിന്നെ സ്കൂളായി, കുട്ടികളുമായ് ചങ്ങാത്തത്തിലായി.

ഏറ്റവും ഇഷ്ടപ്പെട്ട ഒന്നു രണ്ട് കാര്യമുണ്ട്. ഒന്ന് സുന്ദരിമാരായ ടീച്ചര്‍മാരുടെ ഒരു പട. അതില്‍ പലതും ആംഗ്ളോ ഇന്‍ഡ്യന്‍ ടീച്ചര്‍മാരായതിനാല്‍ നല്ല വേഷം. ഇതു കൊള്ളാം.

പിന്നെ ഞാന്‍ കണ്ടിട്ടില്ലാത്ത പലതരം കളികള്‍.മോണോപ്പോളി ചൈനീസ് ചെക്കേഴ്സ് തുടങ്ങിയ വിദേശികള്‍ മുതല്‍ നമ്മുടെ നാടന്‍ സ്നേക്ക് ആന്‍റ് ലാഡേഴ്സ് വരെ.

ഔട്ട്ഡോര്‍ ഗേയിംസായ വോളീബോള്‍ ബാസ്കറ്റ് ബോള്‍ ഫുട്ബോള്‍ തുടങ്ങിയവയിലെ അവിഭാജ്യഘടകമായ കൊമെന്‍റേറ്റര്‍ ആയി ഞാന്‍ കളിയറിയാത്ത പെണ്‍കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും കളി പറഞ്ഞു കൊടുത്തു.

കൂടുതല്‍ ആരോടും വലിയ വാചകമടിക്കാത്ത ഒരു ടീച്ചര്‍ മേഴ്സി ആയിരുന്നു. എപ്പോഴും എന്തെങ്കിലും വായിക്കുന്നത് കാണാം. കുട്ടികള്‍ക്ക് എല്ലാം നല്ല പേടി. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിനു തന്നെ അടിയും കഴിയും.

ഫൊണെറ്റിക്സ് ആയിരുന്നു ഞങ്ങളുടെ ക്ലാസ്സില്‍ പുള്ളിക്കാരി പഠിപ്പിച്ചിരുന്നത്. home എന്ന വാക്ക് എന്നെ കൊണ്ട് ഒന്ന് പറയിക്കാന്‍ നോക്കി

പുള്ളിക്കാരി പറഞ്ഞു തന്നിരുന്ന രീതിയെല്ലാം ഞാന്‍ ചേര്‍ത്തൊന്ന് പറഞ്ഞു

ങ്ങും കൊള്ളാം അപ്പൂപ്പന്‍ ഏമ്പക്കം വിടുന്നത് പോലെ തന്നെ

എന്‍റെ മുഖത്ത് നോക്കി നിന്നു ടീച്ചര്‍ . ഇരച്ചു വരുന്ന ദേഷ്യം കണ്ടപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത്. എന്തൊരു ഭംഗിയാണ് ടീച്ചറുടെ മുഖത്തിന്. എന്‍റെ ചിരി കണ്ടിട്ട് ടീച്ചര്‍ക്കും ചിരി വന്നു.

ക്ലാസ്സിലെ ആര്‍ക്കും കാര്യമൊന്നും മനസ്സിലായില്ല. കാരണം അവര്‍ ടീച്ചര്‍ ചിരിക്കുന്നത് അതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.

എന്നാലും മഴ

മഴയങ്ങോട്ട് ശരിക്കും ഘോഷിക്കാന്‍ പറ്റുന്നില്ല

ഒന്നാമത് റെയിന്‍ കോട്ടെന്ന മാരണം.

രണ്ടാമത് ഒരു മഴയുടെ ലാഞ്ജന കണ്ടാലേ ജനലും വാതിലും കൊട്ടിയടയ്ക്കുന്ന കൂട്ടുകാരും കന്യാസ്ത്രീകളും.

ഒരു ദിവസം ഞാന്‍ സ്കൂള്‍ വരാന്തയില്‍ ഇരിക്കുന്നു. ശനിയാഴ്ചയാണ്. ഡേ സ്കോളേഴ്സ് ഇല്ല. ലിഷര്‍ ടൈമില്‍ എല്ലാവരും ഇന്‍ഡോര്‍ ഗെയിംസിന്‍റെ പുറകേ. ഞാന്‍ സ്കൂള്‍ വരാന്തയിലെത്തി. അവിടെയിരുന്നാല്‍ മരങ്ങളൊക്കെ കാണാം. അതിനുമപ്പുറം രണ്ട് കയ്യും വിടര്‍ത്തി സ്കൂളിന്‍റെ എല്ലാമെല്ലാമായ ഔസേപ്പ് പിതാവിനെ കാണാം. പുള്ളിയുടെ തലയില്‍ ഇരുന്ന് രണ്ട് കാക്കകള്‍ ചികയുന്നു. എനിക്ക് ചിരി വന്നു. രണ്ട് കാക്കകളെ ഓടിക്കാന്‍ കഴിയാത്ത ഈ കകഷിയെങ്ങിനെ കന്യാസ്ത്രീമാരെ യക്ഷികളില്‍ നിന്നും രക്ഷിക്കും

എന്നെ കുടുക്കാനായിരിക്കണം ഔസേപ്പ് പിതാവ് വിട്ട പോലെ ഒരു മഴ. നല്ല വെയിലും നല്ല ഇടിച്ചു കുത്തി മഴയും . എവിടെയെങ്കിലും കുറുക്കന്‍റെ കല്യാണം നടക്കുന്നുണ്ടാകണം.

"ഗെറ്റ് ഇന്‍സൈഡ്"

ഞാന്‍ ഞെട്ടി നോക്കി

മേഴ്സി ടീച്ചര്‍ ആണ്.

ഞാന്‍ മനസ്സില്ല മനസ്സോടെ എഴുന്നേറ്റു.

ടീച്ചര്‍ അടുത്തു വന്നു

"മഴ കണ്ടിട്ടില്ലെ" ഞാന്‍ അന്തം വിട്ട് നോക്കി

ടീച്ചര്‍ എന്നോട് സംസാരിച്ചു എന്നുള്ളത് പോട്ടെ ടീച്ചര്‍ മലയാളം പറയുന്നു.

"ഒരുപാടൊരുപാട്"

ഒരുപാട്? എന്തിന് മഴയൊരിക്കല്‍ കണ്ടാല്‍ പോരെ"

ടീച്ചര്‍ വരാന്തയില്‍ ഇരുന്നു. ഞാന്‍ ടീച്ചറുടെ അടുത്തിരുന്നു

ഇല്ല ടീച്ചര്‍ ഓരോ മഴയും ഓരോന്നാണ്

ഓഹോ അതെന്താ വ്യത്യാസം

ഞാന്‍ മഴയെക്കുറിച്ച് പറഞ്ഞു തുടങ്ങി നേരെ വീഴുന്ന മഴ, ചരിഞ്ഞ് വീഴുന്ന മഴ കുഞ്ഞു തുള്ളികള്‍ ഉള്ള മഴ വലിയ തുള്ളികള്‍ ഉള്ള മഴ ഇടതടവില്ലാതെ പെയ്യുന്ന മഴ വെയിലോട് കൂടിയ മഴ അങ്ങിനെ പലതും.

ടീച്ചര്‍ കയ്യെത്തിച്ച് മഴയെ കൈകുമ്പിളാക്കി കളിച്ചു. ഞാന്‍ കയ്യെത്തിച്ചു നോക്കി. ഇല്ല വെള്ളം കയ്യില്‍ വീഴുന്നില്ല

പെട്ടന്ന്

കോടാനുകോടി അമിട്ടുകള്‍ ഒന്നിച്ച് പൊട്ടിച്ചിതറിയാലെന്ന പോലെ ഒരു ഭയാനകമായ ശബ്ദം. പകലായതിനാലും നല്ല പ്രകാശമുണ്ടായിരുന്നതിനാലും ഞാന്‍ മിന്നലൊന്നും കണ്ടില്ല. ഒന്നിനു പുറകെ അടുത്തൊരു ഇടി കൂടി.

ഭൂമിയാകെ കീഴ്മേല്‍ മറിയുന്നതുപോലെ. ഞാന്‍ രണ്ടു ചെവിയും പൊത്തി. മേഴ്സിടീച്ചറെന്നെ ചേര്‍ത്തു പിടിച്ചു. മിന്നലുണ്ടായാലും കാണാതിരിക്കാന്‍ ഞാന്‍ ടീച്ചറുടെ ദേഹത്തേയ്ക്ക് മുഖമമര്‍ത്തി.

ഹോ
എന്തൊരു ചൂടാണീ മഴയ്ക്ക്.


(ഇതില്‍ പറയുന്ന പലരേയും ഞാന്‍ മുപ്പത്തിമൂന്ന് വര്‍ഷത്തിനു ശേഷം ഈയിടെ കണ്ടു. ഒരാളെ ഒഴികെ. ചില പേരുകള്‍ ഞാന്‍ മാറ്റിയിട്ടുണ്ട് )

Monday, July 26, 2010

ഒരു വായനാദിനം

ഇന്ന് വായനാദിനം ആയിരുന്നു ഓര്‍ത്തത് സുഹൃത്തായ വക്കീല്‍ വിനോദ്ജിയുടെ എസ് എം എസ് കണ്ടിട്ടാണ്

ആരാണ് വായിക്കാന്‍ പഠിപ്പിച്ചത്.ജനിച്ചത് യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ആണെങ്കിലും എഴുതി പഠിച്ചത് ഹരിശ്രീ തന്നെയാണ്. എഴുതിച്ചത് ഒരു അമ്മാവനും. പിന്നീട് കോമളം റ്റീച്ചര്‍ എന്നൊരു അയല്‍ക്കാരിയുടെ വീട്ടില്‍ ബാക്കി പഠിത്തം.
എഴുതിച്ച ആള്‍ തന്നെ ആയിരിക്കണം വായിക്കാനും പഠിപ്പിച്ചത്. എന്നാലും നോവലുകള്‍ പല വായനശാലകളില്‍ നിന്നുമെടുത്ത് വായിച്ചിരുന്ന അമ്മയും പത്രം മുതല്‍ എന്തും വായിച്ചിരുന്ന അമ്മൂമ്മയും എന്നെ സ്വാധീനിച്ചപ്പോള്‍ "സീരിയസ്" വായനയിലേയ്ക്ക് നയിച്ചത് അമ്മാവന്‍മാരായിരുന്നു.
ഇതിനിടെ ബോര്‍ഡിംഗ് ജീവിതം. അവിടെ എനിഡ് ബ്ലയ്റ്റനില്‍ തുടങ്ങി അലിസ്റ്റര്‍ മക്ലൈന്‍ വരെ. പക്ഷേ ആ വായനയൊക്കെ നിര്‍ബന്ധിത വായന ആയിരുന്നു. കാരണം, വായിച്ചില്ലെങ്കില്‍ വായിക്കാനറിയാത്തവനായി ചിത്രീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷം ആയിരുന്നു അത്.

ജെഫേര്‍സണ്‍ മരക്കാര്‍ എന്നൊരു പണക്കാരന്‍ പയ്യന്‍ കൂടെ പഠിച്ചിരുന്നു. ജെഫ്രിയുടെ അച്ഛന്‍ അബ്ദുള്ള മരക്കാര്‍ ആണ് ആ ലൈബ്രറി ഉണ്ടാക്കി കൊടുത്തത്. അത് കാരണം എല്ലാത്തരം പുസ്തകങ്ങളും അവിടെ വന്നു ചേര്‍ന്നു. ദൈവം സഹായിച്ച് കന്യാസ്ത്രീകള്‍ക്ക് വായനാശീലം ഇല്ലാത്തത്കൊണ്ട് അവിടെയുള്ള പുസ്തകങ്ങള്‍ എല്ലാം കുട്ടികള്‍ക്കുള്ളതാണെന്ന് അവര്‍ കരുതി.
ചില വാക്കുകളുടെ അര്‍ത്ഥം അറിയാതെ കുഴങ്ങി.
അറിയാവുന്നവര്‍ അടക്കം പറഞ്ഞു ചിരിച്ചു.

ചില മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് അര്‍ത്ഥം പറഞ്ഞു കൊടുത്ത ചില വില്ലത്തി റ്റീച്ചര്‍മാരുമുണ്ടായിരുന്നു. ചില പുസ്തകങ്ങള്‍ അവര്‍ വലിയ കുട്ടികള്‍ക്ക് നല്‍കാനായി മാറ്റി വെച്ചു.

എന്നാലും മറക്കാനാവാത്ത ഒരു വായനാകാലഘട്ടം ഉണ്ട്.ബോര്‍ഡിംഗ് ജീവിതത്തില്‍ നിന്നും ഒരു പറിച്ചു നടല്‍. നേരെ ഒറ്റപ്പാലത്തേയ്ക്ക്. എന്‍ എസ് എസ് കെ പി റ്റി എന്ന സ്കൂളിലേയ്ക്ക് . രസകരമായ ഒരു കാലം. അവിടെ താമസം അമ്മാവന്‍റെ സ്റ്റുഡന്‍റിന്‍റെ വീട്ടില്‍.അവരുടെ അച്ഛന്‍ അവിടെ സബ് ജഡ്ജ് ആണ്. ചെല്ലുന്നത് ഒരു ദിവസം വൈകുന്നേരം. അവിടെ എന്‍റെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ നിന്നും ഒരാളെ കൂടെ വിട്ടിരുന്നു. പക്ഷേ ജഡ്ജി സമ്മതിച്ചില്ല. അദ്ദേഹം അയാളെ തിരിച്ചു വിട്ടു.
എനിക്ക് വേവലാതി ആയി. രാത്രിയില്‍ ഒറ്റയ്ക്കു കിടക്കണമല്ലോ. ജഡ്ജിയെ കൂടാതെ ആ വീട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യ മാത്രമേയുള്ളൂ. അവരുടെ കൂട്ടത്തില്‍ എന്നെ ഏതായാലും കിടത്തുകയില്ലല്ലോ. എന്താ ചെയ്യുക.

സന്ധ്യ ആകാറായപ്പോള്‍ ഒരു കാറില്‍ അദ്ദേഹത്തിന്‍റെ മൂത്ത മകള്‍ അവരുടെ കൊച്ചുകുട്ടി എന്നിവരെത്തി.
ഇവരുടെ മുറിയിലെങ്കിലും എന്നെ കിടത്തുമോ. ആ സ്ത്രീ ആണെങ്കില്‍ ഗര്‍ഭിണിയും.ഒരു എട്ട് മണിയൊക്കെ ആയപ്പോള്‍ ഞാന്‍ ആ കൊച്ചു കുട്ടിയുമായ് ചങ്ങാത്തത്തില്‍ ആയി.
അപ്പോഴേയ്ക്കും ഭക്ഷണം. ഞാന്‍ അല്‍പസ്വല്‍പ്പമൊക്കെ എടുത്തു കഴിച്ചു. ആരുമൊന്നും മിണ്ടുന്നില്ല .
ഭക്ഷണം തീരാറായപ്പോള്‍ ജഡ്ജി എന്നോട് സംസാരിക്കാന്‍ തുടങ്ങി.
"മതിയായൊ ഭക്ഷണം, കള്ളം പറയരുത്"
ഞാന്‍ ഒന്നും മിണ്ടിയില്ല"
ഒരല്‍പ്പം കൂടെ ചോറെടുക്കട്ടെ, വേണ്ടങ്കിലെ പറയാവൂ
"നല്ല വിശപ്പ്. ഞാന്‍ മൌനം
പിന്നെ നല്ല ഉഗ്രന്‍ ഭക്ഷണം എല്ലാം അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താല്‍ എന്ന പോലെ കഴിച്ചു.

ഭക്ഷണം കഴിഞ്ഞു ഞാന്‍ വീണ്ടും വരാന്തയില്‍ എത്തി. പുറത്തെ ഇരുട്ട് കണ്ട് ആകെ ഭയം തോന്നുന്നു, എങ്ങിനെ ഒറ്റയ്ക്കൊരു മുറിയില്‍? ഓര്‍ത്തപ്പോള്‍ പേടി കൂടി.

ഒന്‍പത് മണി ആയപ്പോള്‍ അദ്ദേഹമെന്നെ വിളിച്ചു.
"കിടക്കണ്ടേ"
ഞാന്‍ മൂളി"
എത്ര മണിയ്ക്കുറങ്ങും"
രാവ് പകല്‍ ആകുന്ന വീടാണ് എന്‍റേത്. കാരംസ് കളി മുതല്‍ ഉഗ്രന്‍ രാഷ്ട്രീയ ചര്‍ച്ച ചിലപ്പോള്‍ സുഭ്ഹി വാങ്ക് വരെ നീളും. ബോര്‍ഡിംഗിലെത്തിയപ്പോള്‍ അത് പ്രയോജനം ചെയ്തിരുന്നു. രാത്രിയിലായിരുന്നു "ഡിസ്ട്രക്റ്റീവ് ട്രിപ്സ് എറൌന്‍ഡ് ദെ സ്കൂള്‍".

ഞാന്‍ ജഡ്ജിയോട് സത്യം പറഞ്ഞു
നേരത്തെ കിടന്ന് ശീലമില്ല, ഉറങ്ങുന്ന സമയം കേട്ട് അദ്ദേഹം ചിരിച്ചു."അത്രയും നേരമൊന്നും ഉറങ്ങതിരിക്കണ്ടാ. നേരത്തെ ഉറങ്ങാന്‍ ഒരു വഴി കാണിച്ചു തരാം"
എന്നെ അദ്ദേഹത്തിന്‍റെ മുറിയില്‍ കൊണ്ടുപോയി.നിറയെ ഷെല്‍ഫുകള്‍ അതില്‍ നിറയെ പുസ്തകങ്ങള്‍ ഒരു ഷെല്‍ഫ് കാണിച്ചിട്ട് അതില്‍ നിന്നും എന്തെങ്കിലും എടുത്തു വായിക്കാന്‍ പറഞ്ഞതിനു ശേഷം അദ്ദേഹം നേരെ മറ്റൊരു കോണിലേയ്ക്ക് പോയി.
"ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്"ഇതെന്തു കുന്തം
പുസ്തകം ചെറുതായിരുന്നതിനാല്‍ ഇതു തന്നെയാകാം എന്നായി.
ആനമക്കാരിന്‍റെ ആന കുയ്യാന ആണന്നു പിള്ളാര് വിളിച്ചു പറയുന്നതു വരെ ഞാനും അവരുടെ കൂടെയുണ്ടായിരുന്നു. ആ കുരുത്ത കെട്ട പിള്ളാരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു. കുഞ്ഞു പാത്തുമ്മയുടെയും നിസാര്‍ അഹമ്മദിന്‍റേയും കൂടെ ഞാനുണ്ടായിരുന്നല്ലൊ.

വെളിച്ചത്തിനെന്ത് വെളിച്ചം എന്നു പറയുമ്പോള്‍ ഞാന്‍ ആ മുറിയുടെ മൂലയില്‍ ഉണ്ട്.

എപ്പോഴാണ് ജഡ്ജി ഉറങ്ങിയത് . ഞാന്‍ അറിഞ്ഞില്ല. കസേരയിലെ തന്നെ ഇരുന്നാണ് ഉറക്കം. എനിക്ക് വിളിക്കാന്‍ ഭയം തോന്നി. കാരണം എന്നെ കൊണ്ടുപോയി ഒറ്റയ്ക്കൊരു മുറിയില്‍ കിടത്തിയാലോ.
എപ്പോഴോ ഞാനും കസേരയില്‍ ഇരുന്നുറങ്ങി.
അദേഹമെന്നെ വന്നു തട്ടി വിളിച്ചു. എന്നിട്ട് ഷെല്‍ഫുകള്‍ക്കപ്പുറം ഒരു കട്ടില്‍ കാണിച്ചു തന്നു. ജനലിനടുത്ത്.
മറ്റൊരു കട്ടിലില്‍ അദ്ദേഹവും കിടന്നു.

കുഞ്ഞുപാത്തുമ്മയും നസീര്‍ അഹമ്മദും ഞാന്‍ അവരോട് മിണ്ടാതെ പറയാതെ പോയതിനു എന്നോട് പിണങ്ങി. പക്ഷേ അവരുടെ കൂട്ടത്തില്‍ എന്നെയും കൂട്ടി. കാളികൂളി പിള്ളാരുടെ കൂടെ കളിച്ചു നടക്കാന്‍ വിടാതെ ഒരുപാട് കഥകള്‍ പറഞ്ഞു തന്നു.

"ഉറങ്ങിയപ്പോള്‍ താമസിച്ചുവല്ലെ"
ഞാന്‍ കണ്ണ് തുറന്നു.
"കുഞ്ഞു പാത്തുമ്മ"
"ആരാ അത്"
"ദാ വായ കഴുകിക്കോളൂ, എന്നിട്ട് താഴെ വരൂ"
ഞാന്‍ കിടന്നുകൊണ്ട് തന്നെ ജഡ്ജിയുടെ മകളുടെ മുഖത്ത് നോക്കി ചിരിച്ചു.
അവര്‍ തന്നെ എന്നെ എഴുന്നേല്‍പ്പിച്ച് കയ്യില്‍ ഇരുന്ന സ്റ്റീല്‍ പാത്രം എന്‍റെ നേരെ നീട്ടി ഞാന്‍ വെള്ളം വായിലെടുത്ത് "കൊപ്ലിച്ച്" ജനലിലൂടെ നീട്ടി തുപ്പി.

അങ്ങകലെ അനങ്ങമലയാകെ എഴുനിറങ്ങളണിഞ്ഞ് സുര സുന്ദരിയായി.
ഗര്‍ഭാലസ്യം കാരണം അവര്‍ പതുക്കെ കട്ടിലില്‍ മുട്ടുകുത്തി എന്‍റെയടുത്തു വന്നു"എന്താടോ നോക്കി നില്‍ക്കുന്നത്"

ഞാനൊന്നും മിണ്ടിയില്ല
അവരും ജനലിനടുത്തേയ്ക്ക് വന്നു.
ഞാന്‍ കൃത്യസമയത്ത് തന്നെ തിരിഞ്ഞു നോക്കി
ഒരു കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വെളിച്ചം അനങ്ങമലയുടെ ഏഴുവര്‍ണ്ണങ്ങളും അവരുടെ മുഖത്ത് വാരി വിതറുന്നത് ഞാന്‍ കണ്ടു.

( ഇത് ഞാന്‍ എഴുതിയതു സംഗീതസല്ലാപം ഫോറത്തിലേയ്ക്ക് വേണ്ടി ദിവസം : Sat Jun 20, 2009 1:06 am )

തേരട്ടയുടെ ഉറക്കം

"ആട്ടെ ദേവിക എങ്ങിനെയാണ് വീജ ബോര്‍ഡ് ( ouija board )ഉപയോഗിക്കാന്‍ പഠിച്ചത്"

"വൈഷ്ണവി ആണ് ഇതിനെക്കുറിച്ചെന്നോട് പറഞ്ഞത്" ദേവിക പറഞ്ഞു

ദേവിക ഓര്‍ത്തു. എന്നായിരുന്നു അത്.


പേഴ്സണല്‍ മാനേജ്മെന്‍റ് കോഴ്സിനു ചേര്‍ന്നപ്പോള്‍ ആണല്ലോ വൈഷ്ണവിയെ പരിചയപ്പെടുന്നത്. പേര് വൈഷ്ണവിയെന്നല്ലായിരുന്നു ആദ്യം. സുഭദ്ര എന്നായിരുന്ന പേര് ഗസറ്റില്‍ പബ്ലിഷ് ചെയ്തു മാറ്റുകയായിരുന്നു ആ കുട്ടി. ഒരു ജാഡക്കുട്ടി. വാക്ക്മാനൊക്കെ വെച്ച് ക്ലിഫ് റിച്ചാര്‍ഡ് ലിയോണല്‍ റിച്ചി എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരു പാവക്കുട്ടി.

എങ്ങിനെയാണ് അടുത്തത്?
ഓര്‍മ്മയില്ല ആകാശത്തിനു നീലിമ കൂടി നിന്ന വേളയിലാവാമായിരിക്കാം അത്.

പിന്നീട് കടന്നു പോയ രാത്രികളില്‍ ഏതോ രാത്രിയുടെ ഏതോ യാമത്തില്‍ ദേവികയോടവള്‍ ചെവിയില്‍ പറഞ്ഞു
"നിനക്ക് കീചകനെ മോഹിപ്പിച്ച സൈരന്ധ്രിയുടെ മണമാണ്."


"ദേവിക എന്താണ് മിണ്ടാത്തത്"
"ഒന്നുമില്ല"
"ഒന്നുമില്ലെങ്കില്‍ ഒരു കാര്യം ചെയ്യാം, ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്ന് നോക്കാം"
"അതിനു നക്ഷത്രങ്ങള്‍ എവിടെ"
"ശരിയാണല്ലൊ ഇന്ന് പൌര്‍ണ്ണമിയല്ലേ. എന്തെങ്കിലും പറയണമല്ലോ എന്നോര്‍ത്ത് പറഞ്ഞന്നേയുള്ളൂ, കേട്ടോ"യെന്ന് പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ചിരിച്ചു.


"നീയെന്താ ചിരിക്കാത്തത്" വൈഷ്ണവി ദേഷ്യം നടിച്ചു.
നിന്‍റെ തമാശയെന്നെ ചിരിപ്പിക്കുന്നില്ല പക്ഷേ നിന്‍റെ ദേഷ്യം എന്നെ ചിരിപ്പിക്കുന്നു"
ദേവിക പറഞ്ഞത് കേട്ട് വൈഷ്ണവിയും ചിരിച്ചു, ശബ്ദമില്ലാതെ
എന്നിട്ട് പറഞ്ഞു
"നിനക്ക് ചിരി വരാത്തതിന്‍റെ കാരണം എനിക്കറിയാം"
"എന്താണത്"
"നിനക്ക് ലക്ഷ്മണനെ മോഹിച്ച മീനാക്ഷിയുടെ മണമാണ്" "
"ലക്ഷ്മണനെ മോഹിച്ച മീനാക്ഷിയോ?"" അതാരാ""
"ഒന്നു പതുക്കെ" വൈഷ്ണവി അവളുടെ വായ് പൊത്തി.
"ശൂര്‍പ്പണഖയുടെ പേര് മീനാക്ഷിയെന്നാണ്""

"അയ്യടാ എനിക്കു രാക്ഷസിയുടെ മണമാണല്ലേ?"
ദേവിക ദേഷ്യം നടിച്ചു തിരിഞ്ഞു കിടന്നു

എങ്കിലും അവള്‍ക്ക് ലക്ഷ്മണനെ കാണാന്‍ കൊതി തോന്നി


"ദേവികയുടെ ചിന്തകള്‍ക്ക് ഒരല്‍പ്പം വിശ്രമം ആകാം "
"വരൂ നമുക്ക് ആ നാട്ടുവഴിയില്‍കൂടെയൊന്ന് സഞ്ചരിക്കാം"

"ആദ്യമായെന്നാണ് വീജാ ഉപയോഗിക്കുന്നത് ഓര്‍മ്മയുണ്ടോ ദേവികയ്ക്ക്"
"ഉണ്ട്, "

"എന്നായിരുന്നു അത്"



"ഇപ്രാവശ്യം ഓണം നിന്‍റെ വീട്ടില്‍"
"അതെന്താ "
"അച്ഛമ്മ മരിച്ചത് കൊണ്ട് ഞങ്ങള്‍ക്ക് ഓണമില്ല അതുകൊണ്ട് അച്ഛന്‍ വരുന്നില്ല, അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു ഞാന്‍ നിന്‍റെ വീട്ടില്‍ വരുന്ന കാര്യമൊന്നു സൂചിപ്പിച്ചു. അച്ഛന്‍ സമ്മതിച്ചിട്ടുണ്ട്."

"നമുക്ക് വീജാ നോക്കാം "
അന്നാണ് ദേവിക അത് ആദ്യമായി കാണുന്നത്.. അവള്‍ക്ക് വൈഷ്ണവി കാണിക്കുന്നതെല്ലാം ഒരു തമാശയായി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.
പകലത്തെ യാത്രകളും കുസൃതികളുമൊക്കെ കൊണ്ട് അവള്‍ക്ക് നല്ല ക്ഷീണം തോന്നി. ഒരു ഉറക്ക ഗുളിക കഴിച്ചതു പോലെ.
വൈഷ്ണവിയെ ബോര്‍ഡുമായ് കളിക്കാന്‍ വിട്ടിട്ട് അവള്‍ മാറിക്കിടന്നുറങ്ങി.
ഇടയ്ക്കെപ്പോഴോ ഒരു സ്വപ്നം കണ്ടുണര്‍ന്നു.
മുറിയാകെ കാര്‍മേഘം നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ. അവള്‍ക്ക് തന്‍റെ നൊസ്സോര്‍ത്ത് ചിരിക്കാന്‍ തോന്നി ആ മേഘത്തിന്‍റെ നടുക്ക് ഒരു കുഞ്ഞരിപ്രാവായി വൈഷ്ണവിയെ കണ്ടു
എന്തൊരു തണുപ്പ്
പുതപ്പിനായ് അവള്‍ പരതി.
ആ മേഘം ഒരു പുതപ്പായി അവളെ പൊതിഞ്ഞു
അവള്‍ ശാന്തയായി ഉറങ്ങി.

പിറ്റേന്ന്
വീടിനടുത്തുള്ള ചെറിയ അമ്പലത്തിന്‍റെ പിന്നാമ്പുറത്ത് ദേവികയുടെ മടിയില്‍ തല വെച്ചു കിടന്ന് അവള്‍ പറഞ്ഞു
"വിഷ്ണുവിനു നിന്നെ ഇഷ്ടായി ട്ടോ"
അവളുടെ വള്ളുവനാടന്‍ മിമിക്രി കേട്ട് ചിരിക്കാതെ ദേവിക ചോദിച്ചു
"ആരാ വിഷ്ണു? ലക്ഷ്മീവല്ലഭനാണോ"?
"ഹേയ് അല്ല "
"പിന്നെ"

വൈഷ്ണവി എഴുന്നേറ്റു

"നീ ആരോടും പറയരുത്"
"വിഷ്ണു എന്‍റെ എല്ലാമെല്ലാം ആണ്"
"ആയിക്കോട്ടെ പക്ഷേ അയാളെങ്ങിനെ ഇവിടെ വന്നു"

"അതൊക്കെ വന്നു"
"എന്നെ എപ്പോള്‍ കണ്ടു"
"അതു കണ്ടു"

"നീ തെളിച്ചു പറ"
അവള്‍ എഴുന്നേറ്റ് നടന്നു
ദേവിക പുറകേയും

"ഇന്നലെയും വീജായില്‍ വിഷ്ണു വന്നിരുന്നു"
"അതിലൂടെയാണ് ഞാന്‍ വിഷ്ണുവിനെ പരിചയപ്പെട്ടത്"
ദേവിക ഒന്നും മിണ്ടാതെ അവളെ നോക്കി നടന്നു
"പാവം സീയെയ്ക്ക് പഠിക്കുക്വാരുന്നു "
അവള്‍ തിരിഞ്ഞു നിന്നു
"നീയോര്‍ക്കുന്നുണ്ടോ പാലക്കാട് വെച്ച് ബൈക്കും ഒരു കാറും കൂട്ടിയിടിച്ച് ഒരു പയ്യന്‍ മരിച്ചത് "
"നല്ല സുന്ദരന്‍ മൂന്നാല് ദിവസം ദേഹം മുഴുവന്‍ മുറിവുമായ് അവന്‍ കിടന്നു"

"അവന്‍ മരിച്ച ദിവസം പത്രത്തില്‍ വായിച്ചറിഞ്ഞ് ഞാന്‍ വീജായിലൂടെ അവനെ തപ്പി. പക്ഷേ കിട്ടിയത് കുറെയേറെ ദിവസം കഴിഞ്ഞാണ്."
"എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് അവന്‍. അവനു വേണ്ടിയാ ഞാന്‍ വൈഷ്ണവിയെന്നു പേര് മാറ്റിയത്"

അപ്പോഴേയ്ക്കും വീടെത്തി.


"എന്നിട്ട്"

നദിയ്ക്കരയിലെ കല്ലിനു മുകളില്‍ അവള്‍ ഇരുന്നു
ഈ നദിയ്ക്ക് അക്കരെ നിറങ്ങളുണ്ടോ?
അവള്‍ സംശയിച്ചു.

ഈ നദിയില്‍ തൊടുമ്പോള്‍ ഈ ധനുമാസ പൂ നിലാവിനു കുളിരുന്നുണ്ടാകുമോ?

അവള്‍ ആലോചിച്ചു


"നീയെന്താ ആലോചിക്കുന്നത്"
"ഞാന്‍ പറയുന്നതു പോലെ ചെയ്യണം"
"എനിക്കുറക്കം വരുന്നു ആകെയൊരു തളര്‍ച്ച " ദേവിക പറഞ്ഞു
"എന്നാല്‍ നീ പോയി കിടന്നോ ഞാന്‍ വിഷ്ണുവിനെയൊന്നു നോക്കട്ടെ"

അവള്‍ കിടന്നയുടനെ ഉറക്കം പിടിച്ചു

രാത്രിയുടെ ഏതൊ ഒരു യാമത്തില്‍ അവള്‍ തണുപ്പറിഞ്ഞു
പുതപ്പിനായ് അവള്‍ പരതിയപ്പോള്‍ വൈഷ്ണവി അവളുടെ ചെവിയില്‍ മന്ത്രിച്ചു

"വിഷ്ണുവിനു നിന്നെ എന്തിഷ്ടമാണെന്നോ"
അവള്‍ കണ്ണ് തുറക്കാന്‍ ശ്രമിച്ചു
മുറിയാകെ മേഘം നിറഞ്ഞിരിക്കുന്നുവോ
അറിയില്ല
മേഘത്തിനു മരുന്നിന്‍റെ മണം


"യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്"
അവള്‍ നേരെ നോക്കി
രാവേറെ ചെന്നിരിക്കുന്നു പുലരാന്‍ ഇനി അധിക സമയം ഇല്ല


കൂട്ടുകാരെല്ലാവരും കന്യാകുമാരി അമ്പലത്തില്‍ കയറി
വൈഷ്ണവിയാണ് ടീച്ചറിനോട് കള്ളം പറഞ്ഞത്
"ഞങ്ങള്‍ക്ക് അമ്പലത്തില്‍ കയറാന്‍ വയ്യ ടീച്ചര്‍"
"പിന്നെയെന്തിനാ കെട്ടിയെഴുന്നെള്ളി വന്നത് റൂമില്‍ ഇരുന്നാല്‍ പോരാരുന്നോ" ടീച്ചര്‍ ദേഷ്യപ്പെട്ടു
"നിങ്ങള്‍ അമ്പലത്തില്‍ പോയിട്ട് വരുമ്പോള്‍ ഞങ്ങള്‍ കുറച്ചു പര്‍ച്ചേസ് നടത്താം"

ടീച്ചര്‍ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അവള്‍ ദേവികയുടെ കയ്യില്‍ പിടിച്ച് പടിഞ്ഞാറോട്ട് നടന്നു

അവള്‍ ഒരു പൊക്കമുള്ള പാറയില്‍ പിടിച്ചു കയറി
"നിനക്കെന്താ വട്ടുണ്ടോ"
"നമുക്കമ്പലത്തില്‍ കയറിയാല്‍ എന്താരുന്നു" നമ്മള്‍ രാവിലെ ഇവിടെ വന്നതല്ലേ"
അവള്‍ തിരിഞ്ഞു നോക്കി ചിരിച്ചു
"നീയിങ്ങു കേറി വാ "എന്നു പറഞ്ഞു കൈ നീട്ടി
ദേവികയും ആ പാറയില്‍ കയറി

"വിഷ്ണുവിനു നിന്നെ ഇഷ്ടമാണ്"
"ആയിക്കോട്ടെ" ദേവിക കടലില്‍ നോക്കി പറഞ്ഞു

"അവനു നിന്നെ വേണം"
ദേവിക ചിരി നിര്‍ത്തി
വൈഷ്ണവി അവളെ നോക്കി
"അവനു നിന്നെ വേണം"
അവള്‍ ദേവികയുടെ അടുത്തെത്തി.
"അവന്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു"

"നിനക്കറിയാമോ അവന്‍റെ ലോകത്ത് മരണമില്ല"
"അവിടെ മുഴുവന്‍ നിറങ്ങളാണ്."
"അവിടെ പൂവും പൂവിന്‍റെ മണവുമെല്ലാം നിറങ്ങളാണ്"
"അവള്‍ അടുത്തെയ്ക്കെത്തി"
"അവിടെ പ്രേമിച്ചു മടുക്കില്ല"
"അവിടെ വര്‍ത്തമാനകാലം മാത്രമേ ഉള്ളൂ"
"അവിടെ കഴിഞ്ഞതെന്നോ വരാനിരിക്കുന്നതെന്നോ ഇല്ല"
"അവിടെ ദുഃഖങ്ങളില്ല"
"സ്ഫടികത്തില്‍ നിര്‍മ്മിച്ച കൊട്ടാരത്തില്‍ അവന്‍ നിന്നെ കാത്തിരിക്കുന്നു"
ദേവികയുടെ മുഖത്ത് വൈഷ്ണവിയുടെ ചൂട് ശ്വാസമടിച്ചു

"ദാ അവിടെ അവന്‍ നിനക്കായ് കാത്തിരിക്കുന്നു"
"പൊയ്ക്കൊള്ളൂ"
ആര്‍ദ്രമായ് നോക്കിക്കൊണ്ട് അവള്‍ ദേവികയ്ക്ക് അനുവാദം നല്‍കി


"നേരം പുലരാനാവുന്നു"
നമുക്ക് പോകാം

ദേവികയെഴുന്നേറ്റു
നദിയേയും ധനുമാസത്തിലെ പൌര്‍ണ്ണമിയേയും ഒന്നു കൂടെ നോക്കിയിട്ട് വിഷ്ണുവിന്‍റെ തോളില്‍ തല ചേര്‍ത്ത് അവനെ പിടിച്ചു നടന്നു

ദൂരെ ഒരു മാനസികാശുപത്രിയില്‍ മഷി കലക്കിയ വെള്ളത്തില്‍ നോക്കിയിരുന്ന വൈഷ്ണവി ചാരിതാര്‍ത്ഥ്യത്തോടെ കട്ടിലേയ്ക്കിഴഞ്ഞു നീങ്ങി
എന്നിട്ട് ഒരു തേരട്ടയുടെ രൂപം സ്വീകരിച്ചു സ്വസ്ഥമായി ചുരുണ്ട്‌ കിടന്നു ഉറക്കമാരംഭിച്ചു
.

നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നിട്ടും

ഓര്‍ത്തിരിക്കാന്‍ നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നിട്ടും വര്‍ഷത്തിലൊരിക്കലെങ്കിലും ഓര്‍ത്തുപോകുന്ന ഒരു കാര്യം. അതിനെ ഞാന്‍ ഓര്‍മ്മ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല കാരണം അത് ഇന്ന് നടന്നതുപോലെയാണ് എന്‍റെ മനസ്സില്‍.
എന്‍റെ ബാല്യകാല സുഹൃത്തായിരുന്നില്ല അയാള്‍. എന്‍റെ സമ പ്രായക്കാരനുമായിരുന്നില്ല. രണ്ട് ജേഷ്ഠനും അനുജനും സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു. ഇയാള്‍ മാത്രം ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിച്ചു. നമുക്ക് ഇയാളെ ബാലു എന്നു വിളിയ്ക്കാം.
പണം തേടി ബാലു എത്തിയത് ബോംബേയില്‍. അവിടെ പല ജോലികള്‍ ചെയ്തു.. അന്നേരമെല്ലാം ലക്‌ഷ്യം ഒന്നുമാത്രം . സ്വന്തമായി ഒരു ബിസിനസ്സ് ചെയ്യണം. കുറച്ചു നാള്‍ ജോലി ചെയ്ത് ഒരല്‍പ്പം കാശുണ്ടാക്കി അയാള്‍ നാട്ടിലെത്തി.
ഒരു സാധരണക്കാരന്‍ ബിസിനസ് കേരളത്തില്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമോ ഇവിടേയും അതു തന്നെ സംഭവിച്ചു. കൂടെ മറ്റൊരു അത്യാഹിതവും. സര്‍ക്കാര്‍ ജോലിക്കാരായ സഹോദരന്‍മാരെ ജാമ്യം നിര്‍ത്തി ബാലു അല്ലറ ചില്ലറ പണമിടപാടുകള്‍ നടത്തി. പാവങ്ങള്‍ അവര്‍ സഹോദരന്‍റെ കടം വീട്ടാനും തുടങ്ങി.

ആയിടയക്കാണ് ഞങ്ങളുടെ ഒരു കെട്ടിടത്തില്‍ നടത്തിയിരുന്ന ഒരു ഹോട്ടല്‍ ഒഴിഞ്ഞത്. കുരങ്ങിന്‍റെ കൈയ്യില്‍ പൊതിയ്ക്കാത്ത തേങ്ങാ കിട്ടിയതു പോലെ ഒരു ഹോട്ടല്‍ നടത്താനുള്ള എല്ലാ സാമഗ്രികളുമായി ഞങ്ങള്‍ ഒരു വാടകക്കാരനെ കാത്തിരിക്കുന്ന അവസ്ഥ. ഇതെങ്ങിനെയോ ബാലു അറിഞ്ഞു. ബാലുവിന്‍റെ അതി ബുദ്ധി പ്രവര്‍ത്തിച്ചു. സഹോദരന്‍മാരോട് അയാള്‍ പറഞ്ഞു,
"നമുക്കീ ഹോട്ടല്‍ വാടകയ്ക്കെടുത്തു നടത്താം. ദിവസവും നിങ്ങള്‍ക്ക് ഞാന്‍ അതില്‍ നിന്നും ജാമ്യതുക അടയ്ക്കാനുള്ള പണം തരാം മാത്രമല്ല വീട്ടുചിലവും നടക്കും."
ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ അതില്‍ വീണു.
തല്‍ക്കാലം എനിക്കൊരു വാടക്കാരനെ കിട്ടി.

പക്ഷേ ഹോട്ടല്‍ തുടങ്ങിയപ്പോള്‍ ബാലുവിന്‍റെ മട്ടു മാറി. ഒരു സാധരണ ഹോട്ടലിന്‍റെ സ്ഥാനത്ത് ഒരു ക്ലാസ്സ് ഹോട്ടല്‍. രാവിലെ നല്ലൊരു ഭക്ഷണം.
"യാത്രക്കാരാണ് രാവിലെ എന്‍റെ ലക്ഷ്യം " ബാലു പറഞ്ഞു.
ഉച്ചയ്ക്ക് സാധരണ ഒരു മീങ്കറിയും ബീഫും ഒക്കെയുള്ള ഒരു നാടന്‍ ഹോട്ടല്‍
"സര്‍ക്കാര്‍ ഓഫീസല്ലെ ചുറ്റും, അവര്‍ക്കിതൊക്കെയേ പറ്റൂ" അയള്‍ പറഞ്ഞു

പക്ഷേ ആറുമണി ആയാല്‍ ഹോട്ടലിന്‍റെ മട്ട് മാറും
അവിടെ പിന്നെ ചില്ലി ചിക്കനും ചിക്കന്‍ കവാബും ഗോബി മന്‍ചൂറിയനും. ആലൂ ഗോബിയുമൊക്കെയേ ഉള്ളൂ. ഞങ്ങളുടെ നാട്ടുകാര്‍ക്ക് അറിയാത്ത വായിലൊതുങ്ങാത്ത കുറേ വിഭവങ്ങള്‍ അവിടെയെത്തി.

നാട്ടുകാര്‍ വൈകുന്നേരം ആകുമ്പോള്‍ ഒരു നല്ല ഭക്ഷണത്തിനെക്കാള്‍ ഉപരി ഒരു ഔട്ടിംഗ് പോയിന്‍റിനെ തേടി അവിടെയെത്താന്‍ തുടങ്ങിയത് ഞങ്ങള്‍ അന്തം വിട്ടു നോക്കി നിന്നു . പുതു മണവാട്ടിയേയും കൊണ്ട് ഒരു ചൈനീസ് ഭക്ഷണം പിന്നെ സെക്കന്‍റ് ഷോ എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.

ബാലുവിന്‍റെ സഹോദരങ്ങളും അന്താളിപ്പ് മാറാതെ നില്‍ക്കേണ്ടി വന്നു കാരണം അത്രയ്ക്കായിരുന്നു മുതല്‍ മുടക്ക്.. എന്നാലും വരവുണ്ട്, കാര്യങ്ങള്‍ സുഗമമായി നീങ്ങുന്നു.
അതിലും വലിയ കാര്യം കളക്റ്റര്‍ എസ്പി ജില്ലാ ജഡ്ജി നാട്ടിലുള്ള മെഡിക്കല്‍ കോളിജിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അവിടെ നിത്യ സന്ദര്‍ശകരായതിനാല്‍ ബാലുവിന്‍റെ സ്റ്റാറ്റസ് തന്നെ മാറി എന്നുള്ളതാണ്.

പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്.

ഈ ഹോട്ടലിന്‍റെ നേരെ പുറകിലായി എന്നാല്‍ നേരിട്ട് ബന്ധമില്ലാത്ത വിധം രണ്ടു മുറികള്‍ എനിക്കുണ്ടായിരുന്നു. വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തുക്കളും സിനിമാ സംഗീതം സാഹിത്യം രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ച ചെയ്തിരുന്ന ഒരു സ്ഥലം.. പക്ഷേ കോളിജ് കാലം കഴിഞ്ഞതിനാലും പലരും ജോലിയൊക്കെയായി തുടങ്ങിയതിനാലും പഴയതുപോലെ കൂട്ടം കൂടല്‍ അവിടെ ഉണ്ടായിരുന്നില്ല.

ബാലു ആ രണ്ട് മുറികളും കൂടെ വാടകയ്ക്ക് എടുത്തു.
അവിടെ വേണ്ടപ്പെട്ടവര്‍ക്ക് മദ്യം നല്‍കാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാം എതിര്‍ത്തെങ്കിലും ബാലു വഴങ്ങിയില്ല. ഇതോടെ വൈകുന്നേരത്തെ ഹൈ ക്ലാസ് ഫാമിലി കസ്റ്റമേഴ്സ് വരവ് നിര്‍ത്തി.
ഹോട്ടലിലെ വരവ് കുറഞ്ഞതോടെ മദ്യ വില്‍പ്പന കൂടി. നേരത്തത്തെ ബന്ധങ്ങള്‍ കാരണം അവിടെ റെയ്ഡൊന്നും നടന്നില്ല എന്ന് മാത്രം.

വെട്ടിലായത് ഞാനാണ്. ഇതിനകം ഞാനും ബാലുവും ബാലുവിന്‍റെ കുടുംബവുമായും വളരെയടുത്ത ബന്ധമായിക്കഴിഞ്ഞിരുന്നു. ബാലുവിന്‍റെ ഇളയ സഹോദരന്‍ സന്ധ്യ ആയാല്‍ നേരെ എന്‍റെ വീട്ടില്‍ വരും എന്‍റേയും അയാളുടേയും കൂട്ടുകാരായി കുറേപേരുണ്ടാകും. നേരം വെളുക്കുന്നതു വരെയൊക്കെയാകും ചര്‍ച്ചകള്‍.

പക്ഷേ വാടക വൈകി തുടങ്ങി ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചിരുന്ന വാടക വളരെയധികം താമസിച്ചു.

ഒരു സ്വാതന്ത്ര്യദിനം
എന്‍റെ അച്ഛനു നല്ല പനിയും ശ്വാസമുട്ടലും. അമ്മാവന്‍ പറഞ്ഞതനുസരിച്ച് നേരെ ഹോസ്പിറ്റലില്‍ പോയി ഇഞ്ചക്ഷനൊക്കെയെടുത്ത് അവിടെ കുറേ നേരം ഇരുന്നിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി ഹോട്ടലിന്‍റെ മുന്നിലെത്തി.
ബാലു ഓടി വന്നു. അച്ഛന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വാടക ആ മാസത്തേത് തന്നിട്ടുമില്ല.
ബാലു അച്ഛനോടു പരഞ്ഞു
"വീട്ടിലേയ്ക്ക് പൊയ്ക്കോ ഞാന്‍ ഉടനേ കാശുമായി എത്താം"

ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരം വെറുതെ ഗ്ലാസിലൂടെ നോക്കി
ബാലു ബൈക്കില്‍ ഇരുന്ന് ഞങ്ങള്‍ കാറെടുക്കാനായി കാത്ത് നില്‍ക്കുന്നു

വീട്ടിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്‍റെ അനിയന്‍റെ കൂട്ടുകാരന്‍ സാജന്‍ എന്നെ ഫോണില്‍ വിളിച്ചു.
"ബാലു ഇന്നു ചേര്‍ത്തലയ്ക്കോ മറ്റോ പോയിരുന്നോ"
"ഇല്ല ഞാന്‍ ഇപ്പോള്‍ കണ്ടായിരുന്നു"

"ചേട്ടന്‍ ബാലുവിന്‍റെ കടയിലേയ്ക്കൊന്നു വാ"
ഞന്‍ അവിടെയെത്തിയപ്പോഴേയ്ക്കും വിവരം വന്നിരുന്നു
കണിച്ചു കുളങ്ങര എന്ന സ്ഥലത്ത് വെച്ച് ഒരു കാറുമായി കൂട്ടിയിടിച്ചു ബാലു മരിച്ചു.

ഹോസ്പിറ്റലില്‍ എത്തിക്കുമ്പോള്‍ ബാലു എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ഞങ്ങളുടെ ഒരു സുഹൃത്തിന്‍റെ ഭാര്യ ആ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നുണ്ട് . ആകുട്ടിയാണ് ബാലുവിനെ തിരിച്ചറിഞ്ഞത്.
കാറുമായ് കൂട്ടിയിടിച്ചപ്പോള്‍ ബാലുവിന്‍റെ ഇടത് കൈ തെറിച്ചു പോയി. അത് ആശുപത്രിയിലെത്തിച്ചത് മറ്റൊരു ബൈക്ക്കാരന്‍ ആണ്. അതിലെ മോതിരവും പേരെഴുതിയ ബ്രേസ്ലെറ്റും കണ്ടാണ് ആ കുട്ടി നേരെ കാഷ്വാലിറ്റിയിലെത്തിയതും ആളെ തിരിച്ചറിഞ്ഞതും.


പിന്നീടാണ് പ്രശ്നം അന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം നടക്കൂ. അവിടെ അന്ന് ഡോക്ടര്‍ ഇല്ല പിറ്റേന്ന് ഞായറാഴ്ച. തിങ്കളാഴ്ച വരെ ദേഹം മോര്‍ച്ചറിയില്‍.
ഞങ്ങള്‍ക്ക് അത് ആലോചിക്കാന്‍ തന്നെ ബുദ്ധിമുട്ട്. അപ്പോഴേയ്ക്കും വിവരമറിഞ്ഞെത്തിയ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചു. ഡോക്ടറെ വരുത്തി പോസ്റ്റ് മോര്‍ട്ടം അന്നു തന്നെ നടത്തി.
ദേഹവുമായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്‍പ് തന്നെ ബാലുവിന്‍റെ ജേഷ്ഠന്‍ എന്നെയും ചില സുഹൃത്തുക്കളേയും വീട്ടിലേയ്ക്ക് വിട്ടു. ഞങ്ങള്‍ നേരെ എന്‍ എസ് എസ് കരയോഗത്തിലെത്തി കാര്യം പറഞ്ഞു.
ചിതയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ ഏറ്റു
ആംബുലന്‍സ് വീട്ടിലെത്തുമ്പോള്‍ ആണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.

കൂടുതല്‍ നേരം വെച്ചില്ല നേരെ വലിയ ചുടുകാടിലേയ്ക്ക്

എല്ലാം കഴിഞ്ഞ് ഞാന്‍ ഒന്‍പത് മണിയോടെ വീട്ടിലെത്തി.
ഏതാണ്ട് പതിനൊന്നോടെ ബാലുവിന്‍റെ ജേഷ്ടന്‍ ഫോണില്‍ വിളിച്ചു . ആകെ പരിഭ്രാന്തനായിരിക്കുന്നു ഉടനെ ചുടുകാട്ടിലെത്തണം.

വീട്ടില്‍ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാഞ്ഞിട്ടാണ് അദ്ദേഹം നേരെ ചുടുകാട്ടിലെത്തിയത്. കാവല്‍ നില്‍ക്കുന്നവനെ കാണാതെ അദ്ദേഹം നേരെ മതി ചാടി നടന്ന് ചിതയ്ക്കരികിലെത്തി.
ഉണങ്ങിയ വിറക് ആകെ കത്തിയമര്‍ന്നിരുന്നു. കൂടെ ആശുപത്രിയില്‍ നിന്നും ദേഹം കൊണ്ട് വന്ന പെട്ടിയും. തുന്നിക്കെട്ടലുകളും കത്തിമാറിയപ്പോള്‍ മിച്ചം വന്നത് അണയാന്‍ അക്ഷമ കാണിക്കുന്ന ചെന്തീക്കനലിനു മീതെ പാതി വെന്ത ദേഹം മാത്രം.
കുറച്ചു സുഹൃത്തക്കളെ കൂടെ കൂട്ടി. എല്ലാവരും വിറകിനായ് പരക്കം പാഞ്ഞു.
അവസാനം കിട്ടിയ വിറകു മുട്ടിയൊക്കെ അവിടെ കൊണ്ട് വന്ന് കീറി വിറകാക്കി ചിത വീണ്ടും ഒരുക്കി.
ഇനി ദേഹം പുതിയ ചിതയില്‍ ആക്കണം. പാതി വെന്ത ദേഹം തൊടാന്‍ എല്ലവര്‍ക്കും ഒരല്‍പ്പം ഭീതിയോ അറപ്പോ.

ജേഷ്ഠന്‍ തന്നെ അത് പെറുക്കാന്‍ തുടങ്ങി.
കണ്ട് നില്‍ക്കാന്‍ ആവാതെ നേരത്തെ മാറി നിന്നവര്‍ കൂടെ സഹായിക്കാന്‍ മുന്നോട്ടാഞ്ഞെങ്കിലും വിവരിക്കാന്‍ ആവാത്ത അനുഭവങ്ങള്‍ കാരണം പിന്‍മാറി.

ഒരു വിധത്തില്‍ അദ്ദേഹം തന്നെ അതെല്ലാം പുതിയ ചിതയിലാക്കി തീ കൊളുത്തി.

എല്ലാമൊരു വിധമൊന്നൊതിയങ്ങിയതോടെ അദ്ദേഹം തളര്‍ന്നു താഴെ വീണു.

ഞാന്‍ ചുറ്റും നോക്കി
രാത്രി നന്നായി ഉറങ്ങാത്തതുകൊണ്ടാണൊയെന്നറിയില്ല കിഴക്കുദിക്കുന്ന സൂര്യന്‍റെ കണ്ണുകള്‍ക്ക് ആകെ കടുത്ത ചുവപ്പ് നിറം
ചെടികളും മരങ്ങളുമൊക്കെ നല്ല ഉറക്കം
ആകെ എന്നെ നോക്കി ഒരു കാക്ക ഇരിക്കുന്നുണ്ട്, ഒരു ചില്ലകളില്ലാത്ത മരക്കഷണത്തിന്‍ മേലെ.
വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ഒരു സിഗററ്റ് എടുത്ത് വായിലേയ്ക്ക് അടുപ്പിച്ചപ്പോള്‍ കൈയ്യില്‍ പറ്റിയിരുന്ന ഒരല്‍പ്പം മാത്രം വെന്ത മാംസത്തിന്‍റെ മണം മൂക്കിലേയ്ക്കടിച്ചു കയറി.
ഞാന്‍ സിഗററ്റ് വലിച്ചെറിഞ്ഞു കൈകള്‍ ആഞ്ഞ് കുടഞ്ഞു
അത് കണ്ട് പുശ്ചത്തില്‍ എന്നെ നോക്കി ഊറിച്ചിരിച്ചുകൊണ്ട് ആ കാക്ക എങ്ങോ പറന്നു പോയി.

മറക്കാനാവാത്ത ഓണം

മറക്കാനാവാത്ത ഓണം ഏതാണ് ചേട്ടാ" ചോദ്യം സുഹൃത്ത്‌ അജിത്തിന്‍റെ വകയായിരുന്നു. ഞാന്‍ ഉത്തരം പറയാതെ വിഷയം മാറ്റി. വിഷയം മാറ്റി അജിത്തിനെ പറ്റിക്കാന്‍ എളുപ്പമാണ്. പക്ഷേ അതുപോലെയല്ല മറ്റൊരു സുഹൃത്തായ അരുണ്‍ കുട്ടു. വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഏതൊരു ഓണം ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നുവോ അത് വീണ്ടും ഓര്‍മ്മിച്ചു.

വര്‍ഷം ഒരു വ്യാഴവട്ടത്തിലേറെയായി. അന്നൊക്കെ സമയം കിട്ടുമ്പോള്‍ നേരെ കുറ്റാലത്തേയ്ക്ക് പോകും. ഒറ്റയ്ക്കല്ല കൂട്ടിനാളേറെ. അവിടേയും ഉണ്ട് കൊറേയധികം സുഹൃത്തുക്കള്‍. അതില്‍ പ്രധാനി തങ്കം എന്ന് ചെല്ലപ്പേരുള്ള മയിലേറും പെരുമാള്‍ എന്ന തേവരായിരുന്നു. തേവര്‍ക്കു പണവും സ്വാധീനവും വളരെയേറെ. ഏതാണ്ട് വിധേയന്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഒരു പതിപ്പ്. ബി എസ് സി അഗ്രികള്‍ച്ചര്‍ പാസ്സായ വ്യക്തിയുമാണ്. തങ്കരാജ് പാണ്ഡ്യന്‍ എന്ന രാഷ്ട്രീയ നേതാവിന്‍റെ അടുത്ത ബന്ധു. ഈ ബന്ധം വഴി എനിയ്ക്ക് പീറ്റര്‍ അല്‍ഫോന്‍സ് എന്ന ഒരു നേതാവിനെ പരിചയമായി. ഞങ്ങള്‍ വളരെയടുത്ത സുഹൃത്തുക്കളുമായി. അദ്ദേഹത്തിന് തെങ്കാശി റെയില്‍വേ സ്റ്റേഷനു സമീപം അന്ന് മറിയം എന്നൊരു ലോഡ്ജ് ഉണ്ട്. അവിടെയാണ് ഞങ്ങളുടെ ഒരു പ്രധാന ക്യാമ്പ്. എന്‍റെ ഇളയ സഹോദരന്‍ വഴി നബാര്‍ഡ് ഉദ്യോഗസ്ഥരായ കുറെയേറെ ആള്‍ക്കാരെ സുഹൃത്തുക്കളായി അവിടെ ലഭിച്ചു.

ഇതൊക്കെ കൊണ്ട് മിണ്ടിയാല്‍ ഉടനെ ഞങ്ങള്‍ കുറ്റാലത്തേയ്ക്ക് വെച്ചു പിടിക്കും.

ഓണാവധിക്കാലത്ത് കുറ്റാലം ട്രിപ്പ് നല്ലതാണ്. കാരണം അപ്പോള്‍ അവിടെ സീസണ്‍ കഴിയുന്നത് കാരണം ചിലവ് കുറവായിരിക്കും.. മാത്രമല്ല കേരളത്തില്‍ സ്കൂള്‍ അവധിയായതിനാല്‍ മലയാളികള്‍ ആയിരിക്കും അവിടെ പ്രധാനമായും ആ സമയത്ത് വരുന്നത്.

അങ്ങിനെയൊരു ഓണക്കാലം.

എന്‍റെ ഒരു സുഹൃത്തിന് തമിഴ്നാട്ടില്‍ പൊല്യൂഷന്‍ കണ്ട്രോളില്‍ നിന്നും ഒരു അനുവാദം വേണം. പീറ്റര്‍ അല്‍ഫോന്‍സിനെ വിളിച്ചു ചോദിച്ചപ്പോള്‍ നേരെ തെങ്കാശിയില്‍ ചെല്ലുവാന്‍ പറഞ്ഞു. ഉടനെ തന്നെ ഒരു സംഘം അങ്ങോട്ടേയ്ക്ക് വിട്ടു. എല്ലാവരും കൂടെ മറിയം ലോഡ്ജില്‍. തങ്കവും ഒരു പട തേവന്‍മാരും കൂടെ വന്നു. എല്ലാം ഒന്നിനൊന്നു മെച്ചം ഒറ്റയ്ക്കൊരു പട ജയിപ്പാന്‍ കഴിയും മല്ലന്‍മാര്‍. തങ്കത്തിന്‍റെ ആജ്ഞ ശിരസ്സാ വഹിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍. ആ ലോഡ്ജില്‍ വേറെ താമസക്കാരായി മുഴുവനുള്ളതും കോട്ടയം പത്തനംതിട്ട ഭാഗത്ത് നിന്നുമൂള്ളവര്‍. ഒരു സെറ്റായി വന്ന രണ്ട് ത്രിശ്ശൂര്‍ കുടുംബം മാത്രം ഒരു അപവാദം. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ അവിടെ താമസ്സമുണ്ടായിരുന്ന എന്‍റെ അനിയനും അവന്‍റെ സുഹൃത്തുക്കളുമായി ഇവരില്‍ പലരും അടുപ്പമായിരുന്നു. അതു കൊണ്ട് അവരും ഞങ്ങളുടെ കൂടെ കൂടി. പീറ്റര്‍ അല്‍ഫോന്‍സ് മദ്രാസിലേയ്ക്ക് പോയി കഴിഞ്ഞു പിന്നെ രണ്ട് നാള്‍ പോയത് ഞങ്ങള്‍ അറിഞ്ഞില്ല.

മൂന്നാം നാള്‍ അതായത് ഓണത്തിന്‍ രണ്ടു നാള്‍ മുന്നെ മനസ്സില്ലാ മനസ്സോടെ ഓരോ കുടുംബവും പിരിഞ്ഞു തുടങ്ങി. അന്ന് വൈകുന്നേരം പീറ്റര്‍ അല്‍ഫോന്‍സ് വരും, ഉടനെ ഞങ്ങള്‍ക്ക് മടങ്ങാം ഇതാണ് കണക്ക് കൂട്ടല്‍. ഇത് കാരണം തങ്കം നേരെ തിരുപ്പതിയ്ക്കു പോയി.

പക്ഷെ കണക്ക് കൂട്ടല്‍ മുഴുവനും തെറ്റി. പീറ്റര്‍ അല്‍ഫോന്‍സ് വിളിച്ചു പിറ്റേന്നെ വരാന്‍ കഴിയൂ എന്നു പറഞ്ഞു. അതോടെ ഞാന്‍ മാത്രം അവിടെ നില്‍ക്കാം അനിയനും സംഘവും എന്‍റെ കൂട്ടുകാരുമെല്ലാം നാട്ടിലേയ് പോരാം എന്ന് തീരുമാനിച്ചു.

രാതിയായപ്പോള്‍ നെല്ലൈ കട്ടബൊമ്മന്‍ ( പഴയ തിരുനെല്‍ വേലി ) ജില്ലയുടെ നബാര്‍ഡ് ഉദ്യോഗസ്ഥന്‍ നടരാജന്‍ വന്നു. രാവിലെ അദ്ദേഹത്തിന്‍റെ കൂടെ ഉസിലാമ്പട്ടി എന്ന സ്ഥലം വരെ ഒന്നു ചെല്ലണം . അത് മധുര ജില്ലയില്‍ ഉള്ള ഒരു സ്ഥലമാണ്. ഏതായാലും പകല്‍ ബോറടിച്ചിരിക്കണ്ടല്ലൊ എന്നു കരുതി ഞാന്‍ സമ്മതിച്ചു. എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പ് തന്നെ നടരാജന്‍ വന്നു ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിന്‍റെ വക ജീപ്പില്‍ പുറപ്പെട്ടു.
പട്ടി എന്നാല്‍ ഗ്രാമം എന്ന് വികലമായി നമുക്ക് മലയാളത്തില്‍ പറയാം. ഇടയ്ക്ക് കടയനല്ലൂരില്‍ നിന്നും മറ്റൊരു ജീപ്പുകൂടെ കൂടി. അതില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.

ഉസിലാമ്പട്ടി അടുക്കാറായപ്പോള്‍ മറ്റൊരു ജീപ്പ് തയ്യാറായി നിന്നിരുന്നു. അതോടെ ഞാന്‍ ഞെട്ടി. എന്‍റെ അനിയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ദേഹമാസകലം പോലീസ് എന്നെഴുതി വെച്ചിരിക്കുന്നു.

ഇവരെല്ലാം എന്താണ് പ്രൈവറ്റ് ജീപ്പില്‍?

അതോടെ നടരാജന്‍ ഒരു കാര്യം പറഞ്ഞു.
അല്ലിഗുണ്ടം എന്നൊരു ഗ്രാമം ( ഉസിലാം പട്ടി ഠൌണ്‍ പഞ്ചായത്ത് ആണ്, അല്ലിഗുണ്ടം ഗ്രാമ പഞ്ചായത്തും ) അവിടെ ഒരു പ്രസവം നടക്കുന്നു. അവിടെയാണ് നമുക്ക് പോകേണ്ടത്.

അല്ല അവിടെ നമുക്കെന്ത് കാര്യം.
നടരാജന്‍ ഒന്നും പറഞ്ഞില്ല

ഏതായാലും നേരെ അവിടുത്തെ ഒരു ചെറിയ സര്‍ക്കാര്‍ ആശുപത്രിയില്‍. ഒരു ചെറിയ മുറി.ഡോക്ടര്‍ ഒരു കൊച്ചു പെണ്‍കുട്ടി. നമ്മുടെ ആരഭിയെപ്പോലിരിക്കും. ഞങ്ങളെ കണ്ട് അവര്‍ വളരെ സന്തോഷവതിയായി. ഏത് നിമിഷവും പ്രസവം നടക്കാം . അവര്‍ അവിടെ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കുഞ്ഞിനെ ജീവനോടെ ആശുപത്രിയില്‍ എത്തിക്കും.
എനിയ്ക്കിതിലൊന്നും വലിയ താല്‍പ്പര്യം തോന്നിയില്ല. ഞാന്‍ അവിടെയൊക്കെ കറങ്ങാമെന്നു കരുത്തി പുറത്തേയ്ക്കിറങ്ങിയതും ഒരാള്‍ സൈക്കിളില്‍ പാഞ്ഞു വന്നു ഡോക്ടറുടെ മുറിയിലെത്തി. അതോടെ അവിടെയാകെ മൂകമായി.

ഇനി ഞാന്‍ അറിഞ്ഞ കാര്യം പറയാം. ആ നാട്ടില്‍ ഒരു പെണ്‍കുട്ടി പ്രസവിക്കാറായി. ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കൊല്ലപ്പെടാന്‍ സാദ്ധ്യതയുണ്ട്. നബാര്‍ഡ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ക്ക് വിശ്വാസമാണ്‍. ഒരു പക്ഷെ കുട്ടി ജനിച്ച ഉടനെയവിടെയെത്തി അതിനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നേരെ അതിനെ ഇരുപത് കിലോമീറ്റര്‍ അപ്പുറമുള്ള ഒരു അനാഥാലയത്തില്‍ എത്തിക്കാം. പക്ഷെ കഴിഞ്ഞില്ല.

ഞാനും കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളും ആയി അവിടെയെത്തി. പ്രസവം നടന്ന വീടിനടുത്ത് ഡോക്ടറുടെ ഒരു സ്പൈ ഉണ്ട്. ഇതിലൊരു സ്ത്രീ അവിടെ ചെന്നു വിവരം തിരക്കി. പെട്ടെന്ന് തിരിച്ചു പോകാന്‍ അവര്‍ പറഞ്ഞത്രേ. നേരെ വീണ്ടും ക്ലിനിക്കില്‍.

ഡോക്ടര്‍ ഒരല്‍പ്പം നോര്‍മ്മലായിക്കഴിഞ്ഞതായി തോന്നിയത് കൊണ്ട് ഞാന്‍ അവരോട് കാര്യം തിരക്കി. ഗര്‍ഭിണിയായപ്പോളെ ആ സ്ത്രീ ഡോക്ടറെ കണ്ടിരുന്നു. ആദ്യ രണ്ട് കുട്ടികളും പെണ്ണായിരുന്നു. രണ്ടിനേയും രണ്ടാനമ്മ കൊന്നു.
ആ വീട്ടില്‍ മൂത്തമകനു മകള്‍ ഉണ്ടത്രേ. അതു കൊണ്ടിനി വേണ്ടാ

പക്ഷെ ഇപ്രാവശ്യം ആ സ്ത്രീ കുറച്ച് ദയ കാണിച്ചു . ആദ്യ രണ്ട് പ്രാവശ്യവും വായില്‍ നെല്ലിട്ടു കൊടുക്കുക ആയിരുന്നു. അതാകുമ്പോള്‍ കൂര്‍ത്ത അറ്റം കൊണ്ട് പിഞ്ചു കുഞ്ഞു തൊണ്ട മുതല്‍ മുറിഞ്ഞു രക്തം വാര്‍ന്ന് മാത്രമേ കുട്ടി മരിക്കുകയുള്ളു. സമയം കൂടുതല്‍ എടുക്കും. ഇപ്രാവശ്യം അവര്‍ക്ക് പോലീസില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ വരുന്ന വിവരം കിട്ടിയതിനാല്‍ അരളിയുടെ കറയാണ് പാലില്‍ ചേര്‍ത്ത് നല്‍കിയത്. അതാകുമ്പോള്‍ നെല്ലിന്‍റെയത്ര ചിലവുമില്ല പെട്ടന്ന് കാര്യം നടക്കുകയും ചെയ്യും .

(അടുത്തയിടെ ഞാന്‍ ആ ഡോക്ടറുമായി സംസാരിച്ചിരുന്നു ഇപ്പോള്‍ അവിടെ വലിയ മാറ്റമുണ്ടായതാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ എല്ലാവരും പെസ്റ്റിസൈഡ് അല്ലെങ്കില്‍ ഉറക്കഗുളിക നല്‍കും ജയലളിതയുടെ ഭരണ കാലത്ത് പിള്ളതൊട്ടില്‍ ഏര്‍പ്പാടാക്കി. കുട്ടിയെ കൊല്ലാതെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും ഏര്‍പ്പാടാക്കി. കൃസ്ത്യന്‍ മിഷിനറി പ്രവര്‍ത്തകരും മറ്റ് എന്‍ ജി ഓ പ്രവര്‍ത്തകരും നിതാന്തമായി പരിശ്രമിക്കുന്നത് കാരണം വളരെയധികം കുട്ടികളെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ടത്രേ. ഷീല റാണി ചുങ്കത്ത് എന്നൊരു ഐ പി എസ് ഉദ്യോഗസ്ഥ ഒരു പാട് പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോട് കൂടി ഒരു പാട് മാറ്റം ഇതില്‍ ഉണ്ടായതായി പറയുന്നു. ഇപ്പോള്‍ ഒരു പ്രധാന രീതി കുഞ്ഞിനെ പട്ടിണിയ്ക്കിട്ട് കൊല്ലുക എന്നുള്ളതാണ് അപ്പോള്‍ പിന്നീട് പോസ്റ്റ്മോര്‍ട്ടെം നടത്തിയാല്‍ മരണകാരണം കണ്ടെത്താന്‍ കഴിയുകയില്ല.)

ഇരുന്നൂറോളം കിലോമീറ്റര്‍ വീണ്ടും തെങ്കാശിയിലേയ്ക്ക്. ആകെ മൂകത വണ്ടിയില്‍. ഭക്ഷണം കഴിക്കാന്‍ പോലും മറന്ന് യാത്ര. മരിയം ലോഡ്ജില്‍ എത്തിയപ്പോള്‍ പീറ്റര്‍ അല്‍ഫോന്‍സിന്‍റെ സന്ദേശം പിറ്റേന്ന് വൈകുന്നേരം മാത്രമേ എത്തുവാന്‍ കഴിയുകയുള്ളു അത്രെ.

ഓരൊ മലയാളി കുടുംബവും യാത്ര പറഞ്ഞു തുടങ്ങി. രാത്രി പതിനൊന്നോട് കൂടി നേരെ അയ്ന്തരുവിയില്‍ ( ഫൈ ഫാള്‍സ് ) കൊറെയേറെ നേരം തണുത്ത വെള്ളത്തിനടിയില്‍ എല്ലാ മറന്നൊരു നില്‍പ്പ്. കൂട്ടത്തില്‍ വന്ന ലോഡ്ജ് ജീവനക്കാരന്‍ പക്കീര്‍ മീരാന്‍ വന്ന് വിളിച്ചിട്ടാണ് തിരിച്ചു വന്നത്.

പിറ്റേന്ന് തിരുവോണം .

രാവിലെ ഒരു ചായ കുടിക്കാം. ബെല്ലടിച്ചപ്പോള്‍ ഒരു പറപ്പാണ്ടി ചെക്കന്‍ വന്നു പക്കീര്‍ വീട്ടില്‍ പോയി. മറിയത്തിനോട് ചേര്‍ന്നുള്ള ഒരു ചെരിയ മുറി ഹോട്ടല്‍ അന്ന് ഒഴിവാണ്. കാരണം ആ ലോഡ്ജില്‍ ഞാന്‍ മാത്രമേ ഉള്ളൂ. നല്ലാ കിടുകിടാ പനിയ്ക്കുന്നു. ഏ ചെക്കനും ഞാനുമായി സംസാരിക്കാന്‍ അരമണിക്കൂര്‍ ശ്രമിച്ചു പരാജയപ്പെട്ടു അവന്‍ പിന്‍വാങ്ങി. അവസാനം ഞാന്‍ മാത്രമായി.

കുറച്ച് വെയില്‍ കൊള്ളാമെന്ന് കരുതി ലോഡ്ജിനു മുകളില്‍ കയറി. നേരെ മുന്നില്‍ സഹ്യ പര്‍വ്വതം. അങ്ങ് ദൂരെ ഒരു വെള്ളി നൂല്‍ പോലെ കുറ്റാലം വെള്ളച്ചാട്ടം. അവിടെ അരളിപൂവുണ്ടോ.

ഊര്‍മേനിഅഴഗിയാന്‍ ( ഊര്‍മേല്‍ അഴകിയാന്‍ എന്നു നാട്ടുകാര്‍ പറയും ) തെങ്കാശിയില്‍ നിന്നും കടയനല്ലൂര്‍ പോകുന്ന വഴി കിഴക്കോട്ടുള്ള ഭാഗത്താണ്. അവിടെയെന്‍റെ ഒരു സുഹൃത്തുണ്ട്. തെങ്കാശിയില്‍ നിന്നും ആലപ്പുഴ വരെ പൂ ദിനവും എത്തിക്കുന്ന ഒരു വ്യക്തി. അദ്ദേഹത്തിന്` അവിടെ പൂക്കൃഷിയുണ്ട്. രാവിലെതന്നെ അവിടെയെത്തി കഷ്ടകാലം. അദ്ദേഹം അവിടെയില്ല. നേരെ അയാളുടെ ഫാമില്‍ ചെന്നു.

ദാ നില്‍ക്കുന്നു അരളി കാട് പോലെ. അരളിപ്പൂവിന്‍റെ ഇതളിനെ റോസാപ്പൂവിന്‍റെ ഇതളുമായ് ചേര്‍ത്ത് പൂമാലയില്‍ വെക്കാം. ഏതാണ്ട് പത്ത് മുതല്‍ മേലോട്ട് പ്രായമുള്ള പെണ്‍കുട്ടികള്‍ ഇവിടെ അരളിപ്പൂ പറിച്ചും അത് ഇതളുകളാക്കി പായ്ക്ക് ചെയ്തും ആകെ തിരക്ക്.

പനി നന്നായി കൂടി. നേരെ മറിയത്തില്‍ എത്തി തലവഴിയെ പുതച്ച് കിടന്നു. തിരുവോണം നാളത് വരെ ഒന്നും കഴിച്ചില്ല. ( എന്നു പറയുന്നത് ശരിയല്ല സുഹൃത് സുന്ദറിന്‍റെ മകള്‍ അവളുടെ കയ്യിലിരുന്ന ഒരു ചെറിയ കഷണം കപ്പലണ്ടി മിഠായി എനിയ്ക്ക് നല്‍കിയിരുന്നു )

ഞാന്‍ എല്ലാം മറന്ന് വിറച്ചു കിടന്നുറങ്ങി. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. ഒരു വലിയ കെട്ടും ഭാണ്ഡവുമായി താഴെ ഹോട്ടല്‍ നടത്തുന്ന വൃദ്ധന്‍. ഒന്നും പറയാതെ അയാള്‍ മുറിയില്‍ കടന്ന് നേരെ പൊതി തുറന്നു വിഭവങ്ങള്‍ വിളമ്പിതുടങ്ങി നല്ല ഒന്നാം തരം സദ്യ.

ഞാന്‍ ഒറ്റയ്ക്കാണ് ലോഡ്ജില്‍ എന്ന് ആ പാണ്ടിപ്പയ്യന്‍ പറഞ്ഞു അയാള്‍ അറിഞ്ഞു. രാവിലെ ചായപോലും കഴിച്ചിട്ടില്ലയെന്നും അവന്‍ പറഞ്ഞു. അത് കൊണ്ടാണ് ഊണുമായി വന്നത്. പക്ഷെ ഇത്രയും നല്ല മലയാള സദ്യ എങ്ങിനെയുണ്ടാക്കി?

അന്‍പത്തിയാറില്‍ കേരളം ഉണ്ടാകുന്നത് വരെ ചെങ്കോട്ട തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു. അവിടെയുള്ളവര്‍ മലയാളികളായി അറിയപ്പെടുകയും ചെയ്തു. അന്ന് ഇദ്ദേഹം വനം വകുപ്പ് വക സത്രത്തില്‍ അടുക്കളക്കരനായിരുന്ന കാലത്ത് ഒരു പാട് മലയാളി ഉദ്യോഗസ്ഥന്‍മാര്‍ക്ക് വെച്ച് വിളമ്പിയ പരിചയം ഒന്നു വീണ്ടും പൊടിതട്ടിയെടുത്തതാണ്.

അടുത്ത് നിന്ന് എല്ലാം എനിയ്ക്ക് വിളമ്പി തന്നു. പല കറികളും ഞാന്‍ കണ്ടില്ല കണ്ണ് നിറഞ്ഞിരുന്നു. മൂന്ന് കൂട്ടം പായസം. എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം അദേഹമെന്നെ കൊണ്ട് ഭക്ഷണം കഴിപ്പിച്ചു. ഒരു സാധനം പോലും അദേഹം മറന്നില്ല. എന്തിന്, ഭക്ഷണം കഴിഞ്ഞ് ഒന്നു പുകവലിയ്ക്കണമെനു തോന്നിയാലോ എന്നു കരുതി ഒരു വില്‍സ് വരെയ്ണ്ടായിരുന്നു കയ്യില്‍.

പായസം കഴിക്കാന്‍ അദ്ദേഹവും കൂടി. ഡയബെറ്റിക് ആണ്. വീട്ടില്‍ ഇതൊന്നും പറ്റില്ല. ആ സമയത്ത് ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു.

ഇതിനിടെ എന്‍റെ വീട്ടില്‍ നിന്നും ഫോണ്‍. ആദ്യമായാണ് ഒരു ഓണം അമ്മയുടെ കൂടെ ഉണ്ണാതിരിക്കുന്നത് മൂന്ന് പായസം കൂട്ടി ഭക്ഷണം കിട്ടിയ കാര്യം പറഞ്ഞപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും അത്ഭുതം.

പോകാന്‍ നേരം ഞാന്‍ അദ്ദേഹത്തോട് വീട്ടിലെ കാര്യങ്ങള്‍ തിരക്കി. കൂടെ കടയിലുള്ളത് മകനാണ്. എനിയ്ക്കറിയാം ആ പയ്യനെ നല്ല കഠിനാദ്ധ്വാനി. സുഖമായി കഴിയുന്നു.

ആകെ ഒരു സങ്കടമേയുള്ളു.
മകള്‍ കല്യാണം കഴിഞ്ഞു പക്ഷെ ചെറിയ തെറ്റിദ്ധാരണ കാരണം ഇപ്പോള്‍ വീട്ടില്‍ നില്‍ക്കുന്നു.
ആദ്യ പ്രസവത്തില്‍ ഒരു പെണ്‍കുട്ടി. രണ്ടാമത്തെ പ്രസവത്തിന്` വന്നിട്ടുണ്ട്. പക്ഷെ പെണ്‍കുട്ടിയാണെങ്കില്‍ അതുമായി ചെല്ലേണ്ട എന്ന് പറഞ്ഞിരിക്കുകയാണ് ഭര്‍ത്താവിന്‍റെ സഹോദരി. (അയാള്‍ക്ക് അമ്മയില്ല )

ഞാന്‍ ജനലില്‍ കൂടി പുറത്തേയ്ക്ക് നോക്കി. സഹ്യ പര്‍വ്വതമാകെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒരു ഉന്‍മാദ ഭാവമവള്‍ക്കപ്പോള്‍. ഞാന്‍ ശ്രദ്ധിച്ചു. അ മലയായ മലയൊക്കെ അരളി പൂത്ത് നില്‍ക്കുകയാണ്.

എന്താണ് കുറ്റാലം അരുവിയ്ക്ക് പാല്‍ നിറം.
ഓ അത് *യേരക്കം പാലാണ് വെള്ളമല്ല.

ഞാന്‍ കണ്ണടച്ചു.
എങ്ങും അരളി മാത്രം
അരളി മാത്രം.



* യേരക്കം പാല്‍ എന്നാല്‍ അരളിയുടെ കറ
ഇതിലെ പേരുകള്‍ പലതും സാങ്കല്‍പ്പികമാണ്.

മഴ

മഴ
ഇഷ്ടമാണെനിക്ക്,

പുതുമഴക്കാലം
എന്നെ ഞാനാക്കുന്നു.
ആദ്യതുള്ളി മണ്ണില്‍
പതിക്കുമ്പോള്‍
ആദ്യാനുരാഗത്തിന്‍റെ
ഹൃദ്യഗന്ധമെന്നില്‍
പടരുന്നു.

അവസാനത്തെ വേരും ഉണങ്ങിയ
വന്‍മരം സൂര്യന്‍റെ യാഗാഗ്നിയില്‍
എരിഞ്ഞടങ്ങുന്നതും കണ്ട്
നിസ്സഹായയായി
അവസാനത്തെ തുള്ളി കണ്ണീര്‍ വറ്റി
അവസാനത്തെ തുള്ളി രക്തവും വറ്റി
എല്ലാ സ്വപ്നവും തകര്‍ന്നു കിടക്കുന്ന
ഒരു പെണ്‍കൊടിയുടെ നെറ്റി തടത്തില്‍
എഴാമാകാശം ഹുങ്കാരത്തോടെ തുറന്ന്
ഒരു മാലാഖ നെഞ്ചോടേറ്റിക്കൊണ്ട് വന്നു
പതിച്ചു നല്‍കുന്ന തിലകക്കുറി.

കടലിനെ വറ്റിച്ച്
കണ്ണീരിനെ വറ്റിച്ച്
മുലപ്പാലിനെ വറ്റിച്ച്
കോടാനുകോടി സ്വപ്നങ്ങളെ
അനന്തകോടി ജീവാത്മാക്കളെ
ഉള്ളിലൊളിപ്പിച്ച്
ഒരു തുള്ളിയായി
അവളിലേയ്ക്ക് ഒരു മാലാഖയാല്‍
എത്തിക്കപ്പെട്ട ജീവാമൃതകണിക

മഴ
കുഞ്ഞിളം കാറ്റായി വന്ന്
അണ്ഡകടാഹങ്ങളും വിറപ്പിക്കുന്നവന്‍
അവളിലേയ്ക്കാഴ്ന്നിറങ്ങാന്‍
ഉണങ്ങിവരണ്ടൊരു പുല്‍ക്കൊടിയെ
പ്രപഞ്ച സത്യങ്ങളെ ഉരുക്കഴിക്കുന്നൊരു
വടവൃക്ഷവനമാക്കാന്‍
ഒരു തുള്ളി മുലപ്പാലിനെ
എല്ലാമൊളിപ്പിക്കുന്ന വന്‍ കടലാക്കാന്‍
അവളെ
മാറ്റി മറിക്കുന്ന
ഒരു കാരുണ്യം.

http://sangeethasallapam.com/forum/topic.php?post=35401#post35401

സാഗരിക

"ഞാനും ഇവിടെ ഇരുന്നോട്ടെ"

വിഷ്ണു നോക്കി. സുന്ദരിയായ ഒരു പെണ്‍കുട്ടി. വിഷ്ണു ഒരല്‍പ്പം ഒതുങ്ങി ഇരുന്നു
ഒരല്‍പ്പം സമയം കടന്നു പോയി. അസ്തമയം കാണാന്‍ വലിയ തിരക്കൊന്നും കാണുന്നില്ല . ഒരു പക്ഷേ ഒഴിഞ്ഞ ഭാഗം ആയതിനാല്‍ ആയിരിക്കാം.
"അസ്തമയം കാണാന്‍ മാത്രമായാണോ ഇവിടെ വന്നത്". ആ കുട്ടി വിഷ്ണുവിനോട് ചോദിച്ചു.
"ഞാന്‍ വിഷ്ണു" അയാള്‍ തന്നെ പരിചയപ്പെടുത്തി.
"ഞാന്‍ സാഗരിക"
ഹോ മനോഹരമായ പേര് അവന്‍ ആകെ ഉന്‍മേഷവനായി
"സാഗരിക ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല അസ്തമയസൂര്യനും ആ അന്തരീക്ഷവും നമ്മളെ ഒരു മെലങ്കോളിക് മൂഡിലേയ്ക്ക് കൊണ്ടു പോകും."
"വിഷ്ണൂ", " അല്ല എനിക്ക് പേര് വിളിക്കാമല്ലൊ അല്ലേ"
"പിന്നെന്താ", " ആ പറയൂ"
"വിഷ്ണൂ ആ മൂഡിലേയ്ക്ക് പോകാനുള്ള മടികൊണ്ടാകാം ഞാന്‍ അസ്തമയ സമയം മുഴുവന്‍ കമിഴ്ന്നു കിടന്നുറങ്ങാറാണ് പതിവ്". അവള്‍ കിലുങ്ങിച്ചിരിച്ചു.
വിഷ്ണു അവളെ ശ്രദ്ധിച്ചു. സുന്ദരിയായ കുട്ടി.
"സാഗരിക പാടുമോ"
"ങ്ഹും പാടും. പക്ഷേ ഈ സമയത്ത് പാടാന്‍ പറയരുത് കേട്ടൊ പകരം നമുക്ക് കുറച്ച് നേരം നടന്നാലോ?"
അങ്ങിനെ അവര്‍ പതുക്കെ തീരത്ത് കൂടെ നടന്നു തുടങ്ങി.
"വിഷ്ണു പ്രേമിച്ചിട്ടുണ്ടോ" അവള്‍ ചോദിച്ചു

"ഉണ്ട്" . മുന്നോട്ട് ഒരല്‍പ്പം വേഗം നടന്നിട്ട് തിരിഞ്ഞു സാഗരികയെ നോക്കി പുറകോട്ട് നടന്നു കൊണ്ട് അവന്‍ പറഞ്ഞു
"കടലിനെ "
"കാറ്റിനെ"
"സൂര്യനെ "
"മാനത്തെ"
"ചന്ദ്രനെ"
"നക്ഷത്രത്തെ "
"പക്ഷികളെ"
"പൂക്കളെ"
"ദിവസത്തെ"
മണിക്കൂറുകളെ"
മിനിറ്റുകളെ"
"നിമിഷങ്ങളെ"
"എന്നു വേണ്ടാ ദൈവം എന്തിനെയൊക്കെ സൃഷ്ടിച്ചോ അതിനെയെല്ലാം ഞാന്‍ പ്രേമിച്ചു. പക്ഷേ ഞാന്‍ ഏറ്റവും അധികം പ്രേമിച്ചത് ഇപ്പോഴും പ്രേമിക്കുന്നതെന്‍റെ ലക്ഷ്മിയെ ആണ്."

കടലിലേയ്ക്ക് താഴാന്‍ വെമ്പുന്ന സൂര്യനെ നോക്കി അവന്‍ നിന്നു
സാഗരിക അവന്‍റെയടുത്തു ചേര്‍ന്ന് നിന്നിട്ട് അവന്‍റെ ചെവിയിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ത്ത് വെച്ച് ചോദിച്ചു.
"എന്നിട്ടെന്തേ അവള്‍ വന്നില്ല"

"നിങ്ങളെ കണ്ട് ബ്രഹ്മാവിനു അസൂയ തോന്നിയോ"
"മഞ്ഞ പട്ടുപാവാടക്കാരിക്കു നിങ്ങളെ ഇഷ്ടപ്പെട്ടുവോ"
"കാലത്തിനു കാത്ത് നില്‍ക്കാന്‍ മടിയായിരുന്നോ"

അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
സാഗരികയ്ക്ക് സങ്കടമായി
അവളവനെ ചേര്‍ത്തു പിടിച്ചു പറഞ്ഞു
"വരൂ നമുക്ക് ഉല്ലസിക്കാം എല്ലാം മറക്കാം "
ചെന്തീക്കനല്‍ നിറമുള്ള വസ്ത്രങ്ങള്‍ ഒന്നാകെ വലിച്ചൂരി അവള്‍ ആകാശത്തേയ്ക്ക് പറത്തി
ഒന്നാമകാശവും രണ്ടാമാകാശവും അതിനായി കടിപിടി കൂട്ടി.
അവള്‍ അവന്‍റെ മുഖം തന്‍റെ മാറിടത്തില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് കടലായി മാറി.
അവനാകട്ടെ , അവളില്‍ ആഴ്ന്നിറങ്ങിയ സൂര്യബിംബത്തിന്‍റെ കടുംചോരയൂറ്റി കൂടിച്ച് മറ്റൊരു സൂര്യഗോളമായി മാറി.
അവളവനായും അവന്‍ അവളായും ലയിച്ച് മയങ്ങിയുണരവേ പാതി മയക്കത്തില്‍ തളര്‍ന്നു കിടന്ന അവന്‍റെ ചെവിയില്‍ അവളോതി.
"വിഷ്ണൂ ദാ നോക്കൂ നിന്‍റെ ലക്ഷ്മി നിനക്കായി കടന്നു വരുന്നു വരവേല്‍ക്കൂ"

ഏഴു വെളുത്ത കുതിരകളെ പൂട്ടിയ സുവര്‍ണ്ണ രഥമവനായി കാത്തു കിടന്നിരുന്നു
പറന്നുയര്‍ന്ന അവന്‍റെ രഥത്തിലിരുന്നു കൊണ്ട് അവന്‍ ആകാശത്തിന്‍റെ ഒരു കോണ് വലിച്ച് കീറി അവള്‍ക്ക് നഗ്നത മറയ്ക്കാനായി എറിഞ്ഞു നല്‍കി

ദൂരെ ഒരു പൊട്ടുപോലെ ലക്ഷ്മി നടന്നു വരുന്നതു കണ്ടു.
അവളെ നോക്കി സാഗരിക നിര്‍നിമേഷയായി ചരിഞ്ഞു കിടക്കുന്നതും അവന്‍ കണ്ടു.


"ഹേയ് അവിടെ നില്‍ക്കൂ കുട്ടീ എന്തായീ കാണിക്കുന്നത്"

കടപ്പുറത്ത് ജോഗിംങ്ങിനും മറ്റും വന്നവരും മുക്കുവരും പല രീതിയില്‍ അവളോടാവശ്യപ്പെട്ടത് കൂട്ടാക്കാതെ അലറിയടുക്കുന്ന ഒരു കൂറ്റന്‍ തിരമാലയ്ക്കുള്ളിലേയ്ക്ക് അവള്‍ ഊര്‍ന്നിറങ്ങി



http://sangeethasallapam.com/forum/topic.php?post=156395#post156395

മറക്കാനാവാത്ത കൃസ്തുമസ്

അവസാനത്തെ വാഹനവും സ്കൂളിന്‍റെ പടി കടന്നു പോകുന്നതവന്‍ നോക്കി നിന്നു. ബോര്‍ഡിംഗില്‍ നിന്നും ഇനി അവന്‍ ഇറങ്ങിയേ മതിയാവൂ. ദൂരെയേതോ ഗ്രാമത്തിലേയ്ക്കുള്ള വണ്ടി പൊയ്പോയാലോ എന്നോര്‍ത്ത് വാര്‍ഡന്‍ വേവലാതി പെടുന്നു

"ജെറുമിയാമ്മേ ഈ കുട്ടിയെ ഒന്നു നോക്കിക്കൊള്ളാമോ?, ഇവനു കാവലിരുന്നാല്‍ എന്‍റെ വണ്ടി പോകും"
"ജോണ്‍സണ്‍ പൊയ്ക്കോ അവന്‍റപ്പന്‍ വരാന്‍ താമസിക്കും". സിസ്റ്റര്‍ വാര്‍ഡനോട് പറഞ്ഞു

കഴിഞ്ഞ വര്‍ഷത്തെ കൃസ്തുമസ് എങ്ങിനെ ആയിരുന്നു. അവന്‍ ഓര്‍ത്തു നോക്കി
ഡാഡി വന്നത് 24ത്തിനു്. ട്രിവാന്‍ഡ്രമില്‍ നിന്നും ബോര്‍ഡിംഗിലെത്തിയെപ്പോള്‍ എല്ലാവരും കുര്‍ബ്ബാനയ്ക്ക് പോയിരുന്നു. നേരെ പള്ളി വാതില്‍ക്കല്‍ എത്തി ഉച്ചത്തില്‍ ഒരു വിളി

"ഗബ്രിയേലച്ചോ ഞാനെന്‍റെ മോനെ കൊണ്ടു പോവുകാ"
എന്നിട്ട് മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചിരുന്ന തന്‍റെ തലയ്ക്കിട്ട് ഒരു ഞോണ്ട്.
"ഇറങ്ങി വാഡാ."

മമ്മിയെവിടെയെന്ന് ചോദിച്ചില്ല. വീട്ടില്‍ ചെന്നപ്പോള്‍ വല്ല്യമ്മച്ചി ചോദിച്ചു
"ദീനാമ്മ വന്നിലേടാ"
"ഓ ഇല്ലമ്മച്ചി, അവള്‍ടെ ആശൂപത്രീല് ഇതൊക്കെ വല്യ ആഘോഷമാ"

സ്കൂള്‍ തുറന്നു ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ആന്‍സീനാമ്മ ചോദിച്ചു
"എന്നാലും ഫിലിപ്പോസെ, പിറപ്പുകേടല്ലേടാ നീ കാണിച്ചേ കുര്‍ബ്ബാന സമയത്താണോടാ പള്ളി വാതിക്കെ കുടിച്ചു കൂത്താടുന്നെ?"

ആന്‍സീനാമ്മയ്ക്ക് അത് ചോദിക്കാം ഡാഡിയുടെ ഒരു ബന്ധുവാണവര്‍.
ഡാഡിയൊന്നും പറഞ്ഞില്ല നേരെ ഒരു കവര്‍ പ്രിന്‍സിപ്പലിന്‍റെ കയ്യില്‍ കൊടുത്തു.

"പള്ളിക്കെന്തിനെങ്കിലും ഉപകരിക്കും"
"പിന്നെ നിന്‍റെ നക്കാ പിച്ച കാശല്ലേ പള്ളിക്കുപകരിക്കാന്‍ പോണേ "
"അല്ലാ ഇത് എത്രയുണ്ട്"
സിസ്റ്റര്‍ നൂറിന്‍റെ കെട്ടുകള്‍ എണ്ണി നോക്കി

"ഇത് കൊണ്ട് വല്ല തൊഴുത്തും കെട്ടാം"
"തൊഴുത്തെങ്കില്‍ തൊഴുത്ത് എന്നിട്ടതില്‍ കേറി കിടന്നോ"എന്നും പറഞ്ഞ് യാത്ര പോലും പറയാതെ ഡാഡി നേരെ കാറിലേയ്ക്ക് കയറി.
ഒന്നു തിരിഞ്ഞു നോക്കുമെന്ന് കരുതി കുറച്ചു നേരം കൂടെ നിന്നു.
കൈ വീശിയോ എന്ന് കാറിന്‍റെ പുക കാരണം കണ്ടില്ല.


"നീയെങ്ങും പോകരുത് ഞാന്‍ ഇതൊക്കെ ഒന്ന് മഠത്തില്‍ കൊണ്ട് പോയി വെയ്ക്കട്ടെ" എന്നും പറഞ്ഞ് സിസ്റ്റര്‍ ജെര്‍മി അവനെ അവിടെ ഇരുത്തിയ്ട്ട് പോയി. അവന്‍ ആകാശത്തേയ്ക്ക് നോക്കി. ഒരു പറ്റം തത്തകള്‍ കൂട്ടമായി പറക്കുന്നു. അവര്‍ എങ്ങോട്ടാകാം പോകുന്നത്. കാലിത്തൊഴുത്തില്‍ പിറക്കാന്‍ പോകുന്ന രാജകുമാരനെ കാണാനായിരിക്കും.
അതോ ഇനി ആ രാജ കുമാരന്‍ ആ കൂട്ടത്തിലുണ്ടോ
അമ്പഴത്തിലിരിക്കുന്ന കാക്കയെ അവന്‍ നോക്കി. കാക്കയ്ക്കതത്ര ഇഷ്ടപ്പെട്ടില്ല. അവന്‍ പതുക്കെ അതിനോട് ചങ്ങാത്തം കൂടാന്‍ ചെന്നു.
"ഹോ എന്തൊരു ഗമ" തല ചരിച്ചൊന്നു നോക്കിയിട്ട് അത് പറന്ന് പോയി.

അവന്‍ സ്കൂളിന്‍റെ പുറകിലേയ്ക്ക് നടന്നു. അവിടെ പശുവിനു കൊടുക്കുവാന്‍ വളര്‍ത്തുന്ന പുല്ലിനിടയിലേയ്ക്ക് ഇറങ്ങി നടന്നു. പുല്‍ച്ചാടികളും ചെറുകിളികളും ചെറിയ ഓന്തുകളും നൂലോളം വലിപ്പമുള്ള കുഞ്ഞു പാമ്പുകളുമൊന്നും അവനെ ഗൌനിച്ചില്ല എല്ലാവര്‍ക്കും കൃസ്തുമസിന്‍റെ രാവിന്‍റെ തിടുക്കം.
ആകാശത്തേയ്ക്ക് നോക്കിയവന്‍. നീണ്ട രാവിനായി തയാറെടുക്കുന്നു സന്ധ്യ.
അവന്‍ പുല്ലിലേയ്ക്കമര്‍ന്ന് കിടന്നുറങ്ങി.

ആകാശത്തിന്‍റെ വാതിലുകളൊന്നൊന്നായി തുറക്കുന്നതവന്‍ കണ്ടു.
മാലാഖമാര്‍ നൃത്തം ചെയ്യുന്നതും പാടുന്നതും അവന്‍ വ്യക്തമായി കണ്ടു
പാടാനറിയാത്ത അവനെ കളിയാക്കി അവരെന്തോ പറഞ്ഞു
അവനുണര്‍ന്നു

"പള്ളിയില്‍ പോകുന്നില്ലേ" ആരോ ചോദിക്കുന്നു
അവന്‍ നോക്കി ഒരു സ്ത്രീ
"വരൂ നമുക്ക് പള്ളിയിലേയ്ക്ക് പോകാം"
അവര്‍ മുന്‍പേ നടന്നു
അവരെത്തുമ്പോള്‍ പള്ളിയില്‍ നിന്നുമെല്ലാവരും പുറത്തേയ്ക്കിറങ്ങി വരുന്നുണ്ടായിരുന്നു
താന്‍ എത്ര നേരമുറങ്ങി കണക്കു കൂട്ടാന്‍ അവന്‍ ഒരു ശ്രമം നടത്തി

എല്ലാ വര്‍ഷവും പള്ളിയില്‍ കിടന്നുറങ്ങാറുള്ളതുകൊണ്ട് എല്ലാം കഴിയുന്ന സമയം അറിയാറില്ല
അവരവനേയും കൊണ്ട് പള്ളിയിലേയ്ക്ക് കയറാന്‍ പോയപ്പോള്‍ അവന്‍ കൈ വലിച്ചു
അവര്‍ ചോദ്യരൂപത്തില്‍ നോക്കി
അവന്‍ കൈ കുടഞ്ഞിറങ്ങി നടന്നു

എന്നിട്ട്
തിരിഞ്ഞു നോക്കാതെ ആള്‍ക്കൂട്ടത്തിനിടയിലൂടെ അവന്‍ ഓടി.
ആദ്യമൊപ്പം

പിന്നെ അവരില്‍ നിന്നും വേറിട്ട്.

"ഹേയ് നില്‍ക്കൂ"

അവന്‍ ഒന്ന് നോക്കിയെങ്കിലും ഓട്ടം നിര്‍ത്തിയില്ല
ഒരു മാലാഖകുട്ടി
"ഹേയ് നില്‍ക്കൂ"
ആ മാലാഖ ഓടി അവനോടൊപ്പമെത്തി
അവന്‍ തളര്‍ന്നു വീണു.

അവന്‍റെ ശ്വാസം മന്ദ ഗതിയിലായി തുടങ്ങി.
അവനാശ്വാസം തോന്നി
ആ മാലാഖയവനെ മടിയിലേയ്ക്ക് കിടത്തി.

"എന്തേ രാവ് പുലരാത്തത്"
അവന്‍ ചോദിച്ചു
മാലാഖ മിണ്ടിയില്ല

"എന്തേ ആകാശം ചുവക്കാത്തത്"
"എന്തേ രാവ് പുലരാത്തത്"
മലാഖയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി
എന്ന്നിട്ടു പതുക്കെ അവനോട് പറഞ്ഞു

"നിനക്കല്ലേ അത് ചുവപ്പിക്കാന്‍ കഴിയൂ?"
"ആ ചുവപ്പിനേ രാവിനെ പുലര്‍പ്പിക്കാന്‍ കഴിയൂ"

എങ്ങിനെയെന്നവന്‍ ചോദിച്ചില്ല. പക്ഷേ അവന്‍റെ കണ്ണുകള്‍ തിളങ്ങി
മാലാഖയവനെ ചുംബിച്ചു
നനുത്ത വിരലുകള്‍ അവന്‍റെ നെഞ്ചിന്‍ കൂടിനുള്ളില്‍ കടന്ന് ആരോ ഒരിക്കലവിടെ സൂക്ഷിച്ചു വെച്ച ഒരല്‍പ്പം രക്തമെടുത്ത് ആകാശത്തേയ്ക്ക് വിതറി

അപ്പോള്‍,

ഇടിമുഴക്കങ്ങള്‍ ഉണ്ടാകുന്നതും
തീമഴ പെയ്യുന്നതും
ആകാശം ചുവക്കുന്നതും
രാവോടി മറയുന്നതും
കിളികള്‍ പറന്നു തുടങ്ങുന്നതും
മഞ്ഞുതുള്ളികള്‍ ഉണ്ടാകുന്നതും
അതില്‍ സൂര്യ രശ്മികള്‍ അലിഞ്ഞിറങ്ങുന്നതും അവന്‍ കണ്ടു

അവന്‍റെ കണ്ണില്‍ അലിവുണ്ടായിരുന്നു
അലിവ് മാത്രം

http://sangeethasallapam.com/forum/topic.php?id=2975

വോള്‍ബ്രെഴ്ത് നഗേലും സമയമാം രഥത്തിലും

1893-ഇല്‍ കേരളത്തിലെ കണ്ണൂരില്‍ വന്നിറങ്ങിയ മിഷിനറിയാണ് വോള്‍ബ്രെഴ്ത് നഗേല്‍ എന്ന വി നഗെല്‍ ആദ്യം വാണിയംകുളത്തും പിന്നീട് കുന്നംകുളത്തും പ്രവര്‍ത്തിച്ച ഇദ്ദേഹം കുന്നംകുളത്ത് വെച്ച് മറ്റൊരു മിഷിനറിയായ ഹാരിയറ്റ് മിച്ചല്‍ എന്ന ഇംഗ്ലീഷ്കാരിയെ വിവാഹം കഴിച്ചു.

പില്‍ക്കാലത്ത് ത്രിശ്ശൂരില്‍ അനാഥകുട്ടികള്‍ക്കും ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുമായി ഒരു സ്ഥാപനം തുടങ്ങി ഇതിനു രെഹോബൊത്ത് എന്ന് പേരിട്ടു.

1914-ഇല്‍ അദ്ദേഹം ജന്‍മസ്ഥലമായ ജര്‍മ്മനിയിലേയ്ക് തിരിച്ചു പോയി. ജനിച്ചു വളര്‍ന്ന നാടിനേക്കാള്‍ അദ്ദേഹം സ്നേഹിച്ച മലബാറിനെ വീണ്ടും കാനുവാന്‍ പക്ഷേ അദ്ദേഹത്തെ ദൈവം അനുവദിച്ചില്ല. വീഡനെസ്റ്റ് ബൈബിള്‍ സ്കൂളില്‍ പഠിപ്പിക്കവേ പക്ഷാഘാതം മൂലം 1921-ഇല്‍ അദ്ദേഹം നിര്യാതനായി.

മലയാളം മലയാളികളേക്കാളേറെ ഭംഗിയായി കൈകാര്യം ചെയ്തിരുന്ന നഗെല്‍ വളരെയധികം കൃസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

സ്നേഹത്തില്‍ ഇടയനാം...
നിന്നോട് പ്രാര്‍ത്ഥിപ്പാന്‍ പ്രിയ പിതാവേ....
ജയം ജയം കൊള്ളും നാം....
യേശു വരും വേഗത്തില്‍ ആശ്വാസമായി...
എന്‍റെ ജീവനാം യേശുവേ...

തുടങ്ങിയ അവയില്‍ ചിലത് മാത്രം.

പക്ഷേ മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന മറ്റൊരു ഗാനമുണ്ട് നഗെലിന്‍റെ വകയായി. സമയരഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം. 1899-ഇല്‍ ആണ് അദ്ദേഹം ഈ ഗാനം രചിച്ചത്. പിന്നീട് അരനാഴികനേരം എന്ന ചിത്രത്തില്‍ വയലാര്‍ വരുത്തിയ ചില്ലറ മാറ്റങ്ങളോടെ ( പ്രധാന മാറ്റം സമയരഥത്തില്‍ എന്നുള്ളത് സമയമാം രഥത്തില്‍ എന്നുള്ളതായിരുന്നു . എന്നാല്‍ "ചില്ലറ മാറ്റങ്ങള്‍" അല്ല വയലാര്‍ വളരെയധികം മാറ്റം വരുത്തിയെന്ന് നമുക്ക് ഇത് രണ്ടും കേട്ടാല്‍ മനസ്സിലാകും) ദേവരാജന്‍ ഇതിനു ഈണം പകര്‍ന്നു. നഗെലിന്‍റെ കാലം മുതല്‍ ഈ ഗാനത്തിനു ഉപയോഗിച്ചത് ഇംഗ്ലീഷിലെ വളരെ പ്രശസ്തമായ ഓ മൈ ഡാര്ലിങ്ങ് എന്ന ഗാനത്തിന്‍റെ ഈണത്തിന്‍റെ വകഭേദമാണ്. ദേവരാജന്‍ ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ കൃസ്തീയത പകര്‍ന്നു.

ഇന്ന് കൃസ്തീയ വിലാപയാത്രയ്ക്ക് പൂര്‍ണ്ണത പകരാന്‍ സമയാം രഥത്തില്‍ എന്ന് ഈ ഗാനം ഇല്ലാതെ കഴിയുകയില്ല.

കുന്നംകുളത്ത് നിന്നും രാത്രിയില്‍ നടത്തിയ ഒരു യാത്രയില്‍ വിജനമായ ആ കൂരിരുളില്‍ ഒരു നാടന്‍ ജഡ്കയില്‍ ഇരുന്ന് നഗെല്‍ തന്‍റെ ആംഗ്ലിക്കന്‍ പ്രിയതമയ്ക്ക് ഇഷ്ടപ്പെട്ട ഓ മൈ ഡാര്ലിങ്ങ് എന്ന പാട്ടിന്‍റെ ഈണത്തില്‍ ഒറ്റയ്ക്ക് പാടി "സമയരഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു " കഴിഞ്ഞ നൂറ്റിപ്പത്ത് വര്‍ഷമായി മലയാളികള്‍ അതേറ്റുപാടുന്നു.

നൂറ്റിപ്പത്താം ജന്‍മദിനം ആഘോഷിക്കുന്ന ഈ ഗാനത്തിനു അതിനു ചേരുന്ന അനുമോദനം നല്‍കാന്‍ മലയാളികള്‍ ഒരുങ്ങുന്നു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് ആണിതിനു നേതൃത്വം നല്‍കുന്നത്.

ഈ ഗാനത്തെ വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ട് ആകെ മാറ്റിമറിച്ചു. ഇന്ന് നഗെലിന്‍റെ ഒറിജിനലിനെക്കാള്‍ പ്രിയമായി നില്‍ക്കുന്നത് അരനാഴികനേരത്തിലെ പാട്ടാണ്. നഗെലിന്‍റെ വരികള്‍ പാടുന്നവര്‍ പോലും സമയരഥത്തില്‍ എന്നുള്ളതിനു പകരം വയലാറിന്‍റെ വരികള്‍ ആയ സമയമാം രഥത്തില്‍ ഞാന്‍ എന്നുള്ളതാണ് ഉപയോഗിക്കുക.

നഗെല്‍ ഇത് ഇംഗ്ലീഷില്‍ എഴുതി മറ്റാരോ മലയാളത്തില്‍ ആക്കിയതായും പറയുന്നുണ്ട്. ഈ വാദം തെറ്റാണെന്നുള്ളതാണ് സത്യം . നെഗല്‍ ഇതെഴുതിയത് മലയാളത്തില്‍ തന്നെയാണ്.
അരനാഴിക നേരത്തിലെ പാട്ടില്‍ വയലാറിന്‍റെ പേരിന്‍റെ സ്ഥാനത്ത് പൂര്‍ണ്ണമായും നെഗലിന്‍റെ പേര് ചിലര്‍ ഉപയോഗിക്കുന്നുണ്ട്. അതും തെറ്റാണ്.

വയലാറിലെ കവിയും നഗെലിലെ ഭക്തനും തമ്മിലുള്ള വ്യത്യാസം അറിയുവാന്‍ ഈ വരികള്‍ മാത്രം അതി.

രാവിലെ ഞാന്‍ ദൈവത്തിന്റെ
കൈകളിലുണരുന്നൂ
അപ്പോഴുമെന്‍ മനസ്സിന്റെ
സ്വപ്നം മുന്‍പോട്ടോടുന്നു


വോള്‍ബ്രെഴ്ത് നഗേലിന്‍റെ വരികള്‍:

സമയ രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്ന് സ്വദേശം കാണ്‍മതിനു
വെത്തപ്പെട്ട് ഓടിടുന്നു

ആകെ അല്‍പ്പ നേരം മാത്രം
എന്‍റെ യാത്ര തീരുവാന്‍
യേശുവേ നിനക്ക് സ്തോത്രം
വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍
ഭാഗ്യം ഉള്ളോന്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം
ഇന്നലെയേക്കാള്‍ അടുപ്പം

രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ
കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ
ചക്രം മുന്നോട്ടോടുന്നു

തേടുവാന്‍ ജഡത്തിന്‍ സുഖം
ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവ മുഖം
കാണ്‍ക അത്രയേ വാഞ്ചിതം

സ്ഥലം ഹാ എത്ര വിശേഷം
ഫലം എത്ര മധുരം
വേണ്ട വേണ്ട, ഭൂ പ്രദേശം
അല്ല എന്‍റെ പാര്‍പ്പിടം

നിത്യം ആയോര്‍ വാസസ്ഥലം
എനിയ്ക്കുണ്ട് സ്വര്‍ഗ്ഗത്തില്‍
ജീവ വൃക്ഷത്തിന്‍റെ ഫലം
ദൈവ പറുദീസായില്‍

എന്നെ എതിരേല്‍പ്പാനായി
ദൈവ ദൂതര്‍ വരുന്നു
വേണ്ടും പോലെ യാത്രയ്ക്കായി
പുതുശക്തി തരുന്നു

ശുദ്ധന്‍മാര്‍ക്ക് വിളിച്ചത്തില്‍
ഉള്ള അവകാശത്തിന്‍
പങ്ക് തന്ന ദൈവത്തിനു
സ്തോത്രം സ്തോത്രം പാടും ഞാന്‍

സമയ രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്ന് സ്വദേശം കാണ്‍മതിനു
വെത്തപ്പെട്ട് ഓടിടുന്നു

വയലാറിന്‍റെ വരികള്‍

സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നായ്
ഞാന്‍ തനിയേ പോകുന്നൂ [ സമയമാം]

ആകെയല്പ നേരം മാത്രം
എന്റെ യാത്ര തീരുവാന്‍
ആകെയര നാഴിക മാത്രം
ഈയുടുപ്പു മാറ്റുവാന്‍ [സമയമാം]

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ
കൈകളിലുറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു [ സമയമാം]

രാവിലെ ഞാന്‍ ദൈവത്തിന്റെ
കൈകളിലുണരുന്നൂ
അപ്പോഴുമെന്‍ മനസ്സിന്റെ
സ്വപ്നം മുന്‍പോട്ടോടുന്നു [സമയമാം]

ഈ പ്രപഞ്ച സുഖം നേടാന്‍
ഇപ്പോഴല്ല സമയം
എന്‍ സ്വദേശത്ത് ചെല്ലേണം
യേശുവിനെ കാണേണം[സമയമാം]

വോള്‍ബ്രെഴ്ത് നഗേലിന്‍റെ വരികളിലെ ചില സംശയങ്ങള്‍ തീര്‍ത്തു തന്ന സിസ്റ്റര്‍ കുസുമത്തിനു നന്ദി. കുസുമം എന്‍റെ അനിയത്തിയുടെ സഹപാഠിയായിരുന്നു.

നഗെലിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് വിക്കിപീഡിയായോടും നഗെലിന്‍റെ പേരക്കുട്ടിയുടെ ഒറെഗോണില്‍ താമസിക്കുന്ന മകളോടും കടപ്പാട്.


ഇത് ആദ്യമായി പോസ്റ്റ്‌ ചെയ്തത് സംഗീതസല്ലാപം എന്ന ഫോറത്തില്‍ ആണ്. അതിന്റെ ലിങ്ക്

http://sangeethasallapam.com/forum/topic.php?id=3853

സര്‍പ്പം

പകല്‍ രാവിനെ ചുംബിച്ച നേരം

വരാനിരിക്കുന്ന നിലാവിനെ കാത്ത്, അവനോടൊത്തുള്ള മറക്കാനാവാത്ത നിമിഷങ്ങളെ കാത്ത് മേലാകെ ചന്ദന തൈലമിട്ടു കുളിച്ചു എല്ലാം മറന്ന് കണ്ണടച്ചു കിടക്കുന്ന കാട്ടരുവിയില്‍ ഒറ്റത്തുണിയാല്‍ മേലാകെ മൂടിയൊരു പെണ്ണ്.

"ആരാണിവള്‍"
"പുരുളിയൊന്നാകെ പൂത്തതോ" ഇവളെ കണ്ടാണോ സന്ധ്യാമേഘങ്ങള്‍ അസൂയയോടെ ഓടി മറഞ്ഞു കളഞ്ഞത്"

"ഉദിക്കൂ ചന്ദ്രാ ഉദിക്കൂ മാനത്ത് വേഗമുദിക്കുക ആരാണീ ദേവിയെന്ന് ഞാനൊന്നു കാണട്ടെ"

കാട്ടരുവിയുടെ അരമണി കിലുക്കിയവള്‍ തുള്ളിത്തുളുമ്പുന്നതു കണ്ട് ആ ആണൊരുത്തന്‍ ഒരല്‍പ്പം ഉച്ചത്തില്‍ പറഞ്ഞു പോയി

"ഞാനാ മുഖമൊന്നടുത്തു കണ്ടോട്ടെ
ആരാണെന്നാ നാവില്‍നിന്നറിഞ്ഞോട്ടേ"

പേടിച്ചില്ല അവള്‍ , അമ്പരന്നു നിന്നുമില്ല. മരത്തില്‍ തൂങ്ങിക്കിടന്ന വില്ലെടുത്തു അമ്പു തൊടുക്കാന്‍ അവള്‍ക്ക് വേണ്ടി വന്നത് ഒരു കുതിപ്പും ഒരു മലക്കവും മാത്രം.

"ആരാണ് നീ"

സര്‍പ്പത്തിന്‍റെ ചുടു നിശ്വാസം മുഖത്തടിക്കുന്നതുപോലെ തോന്നിയവന്. തീയുടെ വെക്കയുണ്ട് ആ മൊഴിയ്ക്ക്

"ഞാന്‍ ചന്തു പഴയ വീട്ടില്‍ ചന്തു, പഴശ്ശിയിലെ സിംഹത്തിന്‍റെ ഗര്‍ജ്ജനം കേള്‍ക്കുന്നവന്‍ . കോട്ടയം തമ്പുരാന്‍റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതു ഞാന്‍ ആണ്."

"ഞാന്‍ നീലി, കുറിച്യപ്പെണ്ണാണ്." അവള്‍ പറഞ്ഞതു കേട്ടവന്‍ അമ്പരന്നു. കുറിച്യപ്പെണ്ണിനെവിടെ നിന്നും കിട്ടിയീ ദേവീ രൂപം.


അതൊരു തുടക്കമായിരുന്നു

എല്ലാ ദിവസവും അവര്‍ തമ്മില്‍ കാണും . കാട്ടിലെ തന്ത്രങ്ങള്‍ അവള്‍ അവനു പറഞ്ഞു കൊടുക്കും . കടത്തനാടന്‍ അടവുകളും യുദ്ധതന്ത്രങ്ങളും പഴയവീട്ടില്‍ ചന്തുവും അവള്‍ക്ക് പറഞ്ഞു കൊടുത്തു.

തന്‍റെ മകളെ നേര്‍ക്കു നേരെ നിന്നു നോക്കാന്‍ കെല്‍പ്പുള്ള ആണൊരുവന്‍ ജനിച്ചിട്ടില്ലെന്നറിയാം നീലിയുടെ അമ്മയ്ക്ക്. എന്നാലും മുറതെറ്റാതുള്ള ഈ സന്ധ്യായാത്ര അവരില്‍ ഭീതിയുണര്‍ത്തി.

ഒരു നാള്‍ ത്രിസന്ധ്യയ്ക്ക് നീലി പടിയിറങ്ങിയപ്പോള്‍ ആ അമ്മ അവളോട് പറഞ്ഞു

"എനിയ്ക്ക് കാണണം ആ ആണ്‍പ്പിറന്നവനെ"
നീലി തല താഴ്തി നിന്നു പറഞ്ഞു

ഞാന്‍ വിളിക്കാം അവനെ ഈ കുടിയിലേയ്ക്ക്

പഴയ വീട്ടില്‍ ചന്തു വന്നു, അവളുടെ വിളി കേട്ട്. . പക്ഷേ കണ്ടത് അവളുടെ തിരുവായ്ക്കെതിര്‍ വാ മൊഴിയാത്ത കുറിച്യപടയെ. . ചന്തു പിന്നെ മറ്റൊന്നും കണ്ടില്ല ഒന്നുമാത്രം ലക്ഷ്യം വെച്ചു. അവന്‍ കുറിച്യപടയെ പഠിപ്പിച്ചു. അവനറിയാവുന്ന എല്ലാ തന്ത്രങ്ങളും യുദ്ധമുറകളും

ഓരോ കുറിച്യനേയും ഓരോ പടയാക്കി മാറ്റി,അവനും നീലിയും

എല്ലം ദൂരെ നിന്നു കണ്ട ആ അമ്മ സ്വയം ചോദിച്ചു
"ആര്‍ക്കു വേണ്ടിയാണീ പടയൊരുക്കം"?


മലദൈവങ്ങളെ സാക്ഷിയാക്കി കുറിച്യപട അവരുടെ മികവ് കാണിച്ചു ഒരു നാള്‍ നീലിയ്ക്കും പഴയവീട്ടില്‍ ചന്തുവിനും മുന്‍പാകെ.

ഒന്നിനൊന്നു മെച്ചം
മല ദൈവങ്ങള്‍ മാളുവിനു കനിഞ്ഞു നല്‍കിയ പൊന്‍മുത്തായ തലക്കല്‍ ചന്തു തന്നെ മികവില്‍ കേമന്‍ . എല്ലാവരും സമ്മതിച്ചു അക്കാര്യം.

എല്ലാം കഴിഞ്ഞു പഴയവീട്ടില്‍ ചന്തു അവരോടായി പറഞ്ഞു.

"ഈ നാട്, നമ്മില്‍ നിന്നും പറിച്ചെടുക്കാന്‍
ഈ മണ്ണ് ചോരയില്‍ കുതിര്‍ക്കാന്‍
എന്‍റേയും നിന്‍റേയും പെണ്ണിന്‍റെ മാനം കവരാന്‍
നിന്നേയും എന്നേയും അടിമകളാക്കാന്‍
വരുന്നുണ്ട് ഒരു കൂട്ടം.

അവര്‍ക്കെതിരെ ഗര്‍ജ്ജിക്കാന്‍ ഒരു സിംഹവും. വയനാട്ടില്‍ എടച്ചേന കുടുംബം ഒന്നാകെ അവന്‍റെ കൂടെയുണ്ട്

ഈ കാട് കാടായിരിക്കാന്‍
ഈ മണ്ണ് മണ്ണായിരിക്കാന്‍
ഇവിടെ അടിമകള്‍ ഇല്ലാതിരിക്കാന്‍
ഈ മലയായ മലയൊക്കെ മലയായിരിക്കാന്‍
ഈ വെള്ളം നമ്മുടേതായിരിക്കാന്‍
ഈ ത്രിസന്ധ്യ എന്‍റേതും നിന്‍റേതും മാത്രമായിരിക്കാന്‍
നിന്‍റേയും എന്‍റേയും പെണ്ണിന്‍റെ സിന്ദൂരം നമ്മുടെ വിയര്‍പ്പില്‍ മാത്രമലിഞ്ഞു ചേരാന്‍
നിങ്ങളും ഞാനും മനുഷ്യരായിരിക്കാന്‍

ആ സിംഹത്തിനു പിന്നില്‍ നിങ്ങളുണ്ടാകണം

ഈ കാറ്റിനോടു ചോദിക്കൂ
വന്‍മരങ്ങളെ എങ്ങിനെ വീഴ്തണമെന്ന്
ഈ കുളിരരുവിയോട് ചോദിക്കൂ
വന്‍പാറകളെ ചെറു മണല്‍ തരികളാക്കുന്നതെങ്ങിനെയെന്ന്

ഈ കാറ്റും
ഈ മണ്ണും
ഈ വെള്ളവും
നമ്മള്‍ കൈവിടില്ല

നമ്മളേയും"


കോട്ടയം തമ്പുരാന്‍റെ രണ്ടു കൈകളായി പിന്നെ എടച്ചേന കുങ്കനും തലയ്ക്കല്‍ ചന്തുവും . നെറ്റിയിലെ കുങ്കുമമായി നീലി. എടച്ചേന കോമപ്പനും, എടച്ചേന ഒതേനനും എടച്ചേന അമ്മുവും തമ്പുരാന്‍റെ അലങ്കാരങ്ങളായി. കൈതേരി അമ്പു തമ്പുരാന്റെ ചെവിയും കണ്ണുമായി. കോട്ടയം തമ്പുരാന്‍റെ രോഗിണിയായ ആദ്യ ഭാര്യ അവിനാട്ട് കുഞ്ഞാണിക്ക് പകരമായി കൈതേരി അമ്പുവിന്‍റെ ഉടപ്പിറന്നോള്‍ കൈതേരി മാക്കത്തേയും കൊണ്ടു വന്നു പഴയ വീട്ടില്‍ ചന്തു.


ഒരു നാള്‍ നീലിയോടവന്‍ ചോദിച്ചു.
അമ്മയെവിടെ പെണ്ണേ
അമ്മയെ കാണാനല്ലെ പൂതി പൂണ്ട്
ഞാനോടോടി വന്നത്

അവള്‍ ചെന്നു വിളിച്ചപ്പോള്‍ ആ അമ്മ വന്നു

ലക്ഷ്മീദേവി മുന്നില്‍ പ്രത്യക്ഷപ്പെട്ടതു പോലെ. അവന്‍ ആദരവോടെ എഴുന്നേറ്റു
"രാജ രക്തം തന്നെ "
അവന്‍ സ്വയം പറഞ്ഞു
"ആരാണമ്മേ നിങ്ങള്‍"

അവരാദ്യം കല്ലുപോലെ നിന്നു
പിന്നെ പറഞ്ഞു തുടങ്ങി
ഒരു കൊടു ചതിയുടെ കഥ. കെട്ടിലമ്മയായി വാണിരുന്ന തന്നേയും പൊക്കിള്‍കൊടി പോകാത്ത പൊടിക്കുഞ്ഞിനേയും ഉപേക്ഷിച്ച കടത്തനാട്ടെ തമ്പുരാന്‍റെ കഥ.
അര്‍ദ്ധരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ ചെന്നു പെട്ടതോ കൊടുംകാട്ടില്‍ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കുറിച്യരുടെ ഇടയില്‍. തലയ്ക്കല്‍ ചന്തുവിന്‍റെ അമ്മ മാളുവിന്‍റെ കൈയ്യിലെത്തിയ അവര്‍ എന്നും സുരക്ഷിതയായിരുന്നു.

"എന്തിനു കടത്തനാട്ടെ തമ്പുരാന്‍ ഈ കൊടുംചതി ചെയ്തു.?"

"ചതിച്ചതാണ്, പഴശ്ശിയിലെ രാജ കുടുംബത്തിലെ കെട്ടിലമ്മയ്ക്ക് കടത്തനാട്ടെ തമ്പുരാനു നീലിയുണ്ടായപ്പോള്‍ ചതിച്ചതാണ് നിന്‍റെ വീരസിംഹം വീര കേരളവര്‍മ്മ പഴശ്ശിരാജാ"
പിന്നെയവര്‍ കേരളവര്‍മ്മയുടെ ചതിയുടെ കഥ പറഞ്ഞു കൊടുത്തു ചന്തുവിന്.

പഴയ വീട്ടില്‍ ചന്തു തളര്‍ന്നിരുന്നു പോയി
തന്‍റെ ചരിത്രമറിഞ്ഞ നീലിയും ചോര വാര്‍ന്ന മുഖവും മനസ്സുമായി തളര്‍ന്നിരുന്നു


ക്ഷീണം മാറി എഴുന്നേറ്റ പഴയ വീട്ടില്‍ ചന്തു നീലിയോട് ചോദിച്ചു.

"പോരുന്നോ കൂടെ
നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കാം
പഴയ ചതിക്ക് പ്രതികാരം"

നീലി പറഞ്ഞു

വേണ്ട അതു വേണ്ട ഞാനില്ല ,
ചതിയനാണെങ്കിലും പകയെന്‍റെ ഉള്ളിലുണ്ടെങ്കിലും
പാളയത്തില്‍ പട വേണ്ട
എനിയ്ക്ക് കെട്ടിലമ്മയാവണ്ട,
കാട്ടുപെണ്ണായി മാത്രം തുടരണമെനിക്ക്"

ദൃഢമായ കാല്‍ വെയ്പ്പോടെ ഇറങ്ങി നടന്ന പഴയ വീട്ടില്‍ ചന്തു ഇടയ്ക്കൊന്നു തിരിഞ്ഞു നിന്നിട്ട് തന്നെ തന്നെ നോക്കി നില്‍ക്കുന്ന നീലിയോട് പറഞ്ഞു

"ഞാന്‍ ചതിക്കും നീലി, ഞാന്‍ ലക്ഷ്യമില്ലാത്തവനായി പോയി. ഞാന്‍ അര്‍ത്ഥമില്ലാത്തവനായി പോയി നീലി. ഞാന്‍ ഞാനല്ലാതായി പോയി നീലി"

"ഞാന്‍ ചതിക്കും നീലി ഏറിയാല്‍ ഇനി പതിനൊന്നടി കൂടെ ഞാന്‍ നിന്‍റെ അമ്പിന്‍ മുനയ്ക്ക് മുന്നിലുണ്ടാകും പിന്നെ നിന്‍റെ അമ്പിനെന്നെ മുറിവേല്‍പ്പിക്കാന്‍ പറ്റിയേക്കും പക്ഷേ കൊല്ലാന്‍ കഴിയുകയില്ല "
"അടി പന്ത്രണ്ട് വെയ്ക്കുന്നതിനു മുന്‍പ് നിനക്കെന്നെ കൊല്ലാം"

ഇല്ലെങ്കില്‍ എന്നും നീയാര്‍ക്ക് വേണ്ടി പൊരുതാനുറച്ചോ ആ വീരസിംഹത്തിന്‍റെ എതിര്‍ചേരിയില്‍ ഞാനുണ്ടാകും , നിനക്കേറ്റ ചതിയ്ക്ക് പകരം ചോദിക്കാന്‍"
അവന്‍ തിരിഞ്ഞു നടന്നു
അവള്‍ വില്ലു കുലച്ചു അമ്പ് തൊടുത്തു. എന്നിട്ട് കാത്തു നിന്നു പന്ത്രണ്ടാമത്തെ അടി വെച്ചപ്പോള്‍ അവന്‍റെ തലയ്ക്കു ചുറ്റും കൂടെ ഒന്നിനു പുറകെ ഒന്നൊന്നായി ഏഴമ്പുകള്‍ പാഞ്ഞുപോയി ബഹുദൂരം മുന്നിലുള്ള ഇരുപൂളില്‍ തറഞ്ഞു കയറി.
അവളുടെ ലക്ഷ്യം പിഴച്ചിട്ടില്ലെന്നും അവളുടെ അമ്പിന്‍റെ തീണ്ടാപാടകലെയെത്താന്‍ താന്‍ ഇനിയും ബഹുദൂരമെത്തണമെന്നും മനസ്സിലാക്കി പഴയവീട്ടില്‍ ചന്തു നടപ്പിനു വേഗം കൂട്ടി.
നീലി അരുവിയ്ക്കരികിലെത്തി

ആ കാട്ടരുവി തളര്‍ന്നു കിടന്നുറങ്ങുന്നു
നിലാവ് എവിടെ?,
എവിടെയോ മറഞ്ഞിരിക്കുന്നു, കള്ളന്‍.

അവള്‍ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചുമാറ്റി,
ആഭരണങ്ങളും

എന്‍റെ കാട്
എന്‍റെ മണ്ണ്
എന്‍റെ വെള്ളം

എന്നു പറഞ്ഞിട്ട് അവള്‍ ആ മണ്ണെടുത്തു ശരീരമാസകലം പൂശി. ശിരസ്സിലെ ഒരു ഞരമ്പെടുത്തു വില്ലില്‍ ഞാണാക്കിയവള്‍ അമ്പു തൊടുത്തു
തന്‍റെ കാടിനും
തന്‍റെ മണ്ണിനും
തന്‍റെ വെള്ളത്തിനും
വിലപറയാന്‍ വരുന്നവരുടെ ശ്വാസത്തിന്റെ ഒച്ച കേട്ട് അമ്പയ്ക്കാനായി അവള്‍ ചെവിയോര്‍ത്തിരുന്നു