Friday, September 10, 2010

Kanna Aalilakanna - Devi Kanyakumari



എന്നെ വളരെയധികം കുഴക്കിയ ഒരു ചോദ്യമുണ്ട്. പക്ഷേ അതിനീ ഗാനരംഗം അറിഞ്ഞേ മതിയാകൂ.
നിരീശ്വര വാദിയായ ഒരു മുക്കുവനും ദേവീ ഭക്തയായ ഭാര്യയും. കാറും കോളും ഉള്ള രാത്രിയില്‍ ഭാര്യയെ ധിക്കരിച്ച് ദേവിയെ നിന്ദിച്ച് കടലിലേയ്ക്ക് ഇറങ്ങുന്നു. ഭാര്യ പേടിച്ച പോലെ തന്നെ ഉഗ്രന്‍ പേമാരി. ആ സ്ത്രീയുടെ പ്രാര്‍ത്ഥന കേട്ട് മരണത്തോട് മല്ലടിക്കുന്ന ആ മനുഷ്യനെ രക്ഷിക്കാന്‍ ദേവി നേരിട്ട് കടലിലേയ്ക്ക് ഒരു മുക്കുവ സ്ത്രീയുടെ രൂപത്തില്‍ പോകുന്നു. ആ സമയം ദേവി പാടുന്നതാണീ പാട്ട്.

ശിവനെ പ്രേമിച്ച, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച അത് മുടങ്ങിയപ്പോള്‍ കന്യകയായി ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് ദേവി കന്യാകുമാരി.


ആദ്യ നാലുവരികള്‍ നോക്കാം.

കണ്ണാ ആലിലക്കണ്ണാ
പാലാഴിത്തിരയിലൊഴുകും ആലിലക്കണ്ണാ
ഞാനൊരു കന്നിമുക്കുവ പെണ്ണ്
എന്‍റെ തോണിയിലെ പൊന്നുവേണോ പൊന്ന്?

വളരെ ലളിതം . ചോദ്യം കണ്ണനോട് ഏത് കണ്ണന്‍ പാലാഴിത്തിരയില്‍ ഒഴുകും ആലിലക്കണ്ണനോട്.അപ്പോള്‍ അര്‍ത്ഥം മാറിയല്ലോ. ഈ വരികളിലെ കണ്ണന്‍ വിഷ്ണുവാണ്. " ഞാനൊരു കന്നിമുക്കുവ പെണ്ണ്" എന്ന് ആ പെണ്‍കൊടി പരിചയപ്പെടുത്തുന്നു, തന്‍റെ "തോണിയിലെ പൊന്നുവേണോ" എന്ന് ചോദിക്കുന്നു

എന്താണ് ആ പെണ്‍കുട്ടിയ്ക്ക് വേണ്ടത്?

നീ പണ്ടൊരു പൂത്തിമിംഗിലമായി, അന്നു
നിന്‍റെ യൌവനം തുഴഞ്ഞുവന്ന നീരാഴി
അന്നെന്‍റെ ചൂണ്ടയില്‍ നീകൊത്തി നിന്‍റെ
പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി
നീന്തിവാ... നിന്‍റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ

നീ പണ്ടൊരു പൂത്തിമിംഗിലമായി എന്ന വരികളിലൂടെ മത്സ്യാവതാരത്തെ കുറിച്ചും അന്നാ തിമിംഗലം ജീവിച്ച കടലിനേ കുറിച്ചും പറയുന്നു ആ കുട്ടി. അന്നവന്‍റെ നിറഞ്ഞ യൌവനം ഉള്‍ക്കൊണ്ട കടലില്‍ ആണ് താനിപ്പോള്‍. അന്ന് എന്‍റെ പ്രണയത്തില്‍ നീയും ഭാഗമായി എന്നും പറയുമ്പോള്‍ ഇവിടെ ആപെണ്‍കൊടി മഹാവിഷ്ണുവിന്‍റെ പ്രാണപ്രേയസിയായ ലക്ഷ്മീ ദേവിയായി മാറുന്നു.

നീന്തിവാ... നിന്‍റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ എന്നുള്ള അഭ്യര്‍ത്ഥനയില്‍കൂടെ ഒരിയ്ക്കല്‍ കൂടി തന്‍റെ മുന്‍പില്‍ വരുവാനും തന്നെ തന്നെ തനിയ്ക്ക് തരുവാനും അഭ്യര്‍ത്ഥിക്കുന്നു ( ഇവിടെ സരസ്വതീ ദേവിയുമായി യാതൊരു ബന്ധവുമില്ല എന്ന് കരുതാം )


നീ പണ്ടൊരു മുനികുമാരനായി, അന്നു
നിന്‍റെ വെണ്‍മഴു പറന്നുവീണ നീരാഴി
അന്നെന്‍റെ വാതിലില്‍ നീമുട്ടീ എന്‍റെ
പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ
നീന്തിവാ... നിന്‍റെ മെത്തപ്പൊന്‍മുടിമുത്തെനിയ്ക്കു താ
എനിയ്ക്കു താ

നീ പണ്ടൊരു മുനികുമാരനായി എന്ന വരികളിലൂടെ പരശുരാമന്‍റെ അവതാര കഥ പറയുന്നു ആ കുട്ടി. അന്ന് രാമന്‍ എറിഞ്ഞ മഴു വീണ നീരാഴിയാണിത് എന്നും പറയുന്നു. ആ മഴുവെറിഞ്ഞു നീ മുട്ടി വിളിച്ചത് എന്‍റെ വാതിലില്‍ ആണെന്നും അതിനു പകരമായി നീയെനിയ്ക്ക് കുടില്‍ വെയ്ക്കാന്‍ ( അമ്പലം പണിയാന്‍ ) സ്ഥലം തന്നുവെന്നും സ്മരിക്കുന്നു.

ഒരിയ്ക്കല്‍ കൂടി വരുവാന്‍ അഭ്യര്‍ത്ഥിക്കുന്ന ദേവി വീണ്ടും ലക്ഷ്മീ ഭാവത്തില്‍ പ്രണയിക്കുന്നവനെ തേടുന്നു

ശിവനെ കാമിക്കുന്ന കന്യാകുമാരിയും മഹാ വിഷ്ണുവുമായി എന്തു ബന്ധം

ബാണാസുരന്‍റെ ശല്യം സഹിക്കാതെ ദേവന്‍മാര്‍ മഹാവിഷ്ണുവിന്‍റെ അരികിലെത്തി. അദ്ദേഹം പറഞ്ഞതനുസരിച്ച് ദേവന്‍മാര്‍ പരാശക്തിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു യഞ്ജം നടത്തി. അതില്‍ സമ്പ്രീതയായ പരാശക്തി ബാണാസുരന്‍റെ നിഗ്രഹം നടത്താമെന്ന് ഏറ്റു. പരാശക്തിയുടെ വിവിധ രൂപങ്ങള്‍ ആണ് മഹാലക്ഷ്മിയും പാര്‍ വ്വതിയും സരസ്വതിയും പിന്നീട് ബാണാസുര നിഗ്രഹത്തിനു വന്ന കുമാരി ദേവിയും.

അതൊക്കെ അവിടെ നില്‍ക്കട്ടെ.

ഒരു സാധാരണ മുക്കുവനെ നോക്കി ദേവി എന്തിനിതൊക്കെ പാടണം.
അവിടെ പാടുന്നത് ദേവിയല്ല വയലാര്‍ തന്നെ ആണെന്ന് ഞാന്‍ കരുതുന്നു

കാറിനേയും കോളിനേയും മറന്ന്
പേമാരിയേയും മരണത്തിനേയും മറന്ന്
കടലിലേയ്ക്കിറങ്ങിയ ചെറുപ്പക്കാരാ

നീയാണ് പ്രളയവാരിധിയില്‍ അരയാലിലയില്‍ വന്ന കണ്ണന്‍

നീ തന്നെയാണ് പൂത്തിമിംഗലമായി മത്സ്യാവതാരമെടുത്തതും .
നീ അന്ന് നീരാടിയ നിന്‍റെ ആനന്ദ ലബ്ദിയ്ക്ക്
നീയുപയോഗിച്ച നീരാഴിയാണിത്
നീ വീണ്ടും വരിക
നിന്നെ തന്നെ എനിയ്ക്ക് തരിക


നീ തന്നെയാണ് മുനികുമാരനായി വന്നതും
മഴുവെറിഞ്ഞതും
നിന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമായി
നീ നേടിയ മണ്ണില്‍ ആണ്
എനിയ്ക്ക് നീ വാസമൊരുക്കിയത്

നീ വീണ്ടും വരിക
നിന്നെ തന്നെ എനിയ്ക്കായി തരിക

നീ തന്നെയാണ് മനുഷ്യാ
മത്സ്യാവതാരമെടുത്തവനും
പരശുരാമാവതാരമെടുത്തവനും

ഹേ അദ്ധ്വാനിയായ മനുഷ്യാ
നീ തന്നെയാണ് ആരാധ്യന്‍
എന്നും ഈ പ്രകൃതി നിനക്കുള്ളതായിരുന്നു
ഇനിയും നീ വരിക, നിനക്കായി എല്ലാം കാത്തിരിക്കും
ഈ പ്രകൃതിയിലേക്കായി സ്വയം സമര്‍പ്പിക്കുക

No comments:

Post a Comment